car
അഗ്നിക്കിരയായ കാർ ആലുവ അഗ്നിശമന സേനാവിഭാഗം ജീവനക്കാർ അണിക്കാൻ ശ്രമിക്കുന്നു

ആലുവ: ആലുവ ടെമ്പിൾ റോഡിൽ നിർത്തിയിട്ടിരുന്ന കാർ അഗ്നിക്കിരയായി. ബ്രിഡ്ജ് റോഡിൽ റോയൽ പ്ളാസയിൽ എസ്.ബി അസോസിയേറ്റ്സിൽ ചാർട്ടേഡ് അക്കൗണ്ടന്റായ ചെങ്ങമനാട് കപ്രശേരി സ്വദേശി സുജിത്തിന്റെ പുതിയ ഐ 20 കാർ ആണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ ഫോട്ടോണിക്സ് സ്റ്റുഡിയോക്ക് മുമ്പിലായിരുന്നു സംഭവം. സുജിത്ത് കാർ നിർത്തിയിട്ട് ഓഫീസിലേക്ക് പോയി 20 മിനിറ്റിന് ശേഷമായിരുന്നു സംഭവം. കാറിന്റെ എൻജിൻ ഭാഗവും അകവും പൂർണമായി കത്തി നശിച്ചു. 300 മീറ്റർ അകലെയുള്ള അഗ്നിശമന സേന യൂണിറ്റ് വേഗത്തിൽ എത്തി തീ നിയന്ത്രണ വിധേയമാക്കി.ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കാത്തത് വലിയ അപകടം ഉഴിവാക്കി. ആലുവ അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ കെ.എ. അശോകന്റെ നേതൃത്വത്തിലാണ് തീയണച്ചത്. നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയാണ് കാർ കത്തിനശിക്കാൻ ഇടയാക്കിയതെന്ന് ആരോപണമുണ്ട്. രാവിലെ ഈ ഭാഗത്തെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചിരുന്നു. തീ അണഞ്ഞ ശേഷമാണ് ശുചീകരണ തൊഴിലാളികൾ മടങ്ങിയതെങ്കിലും ചാരത്തിൽ ഉണ്ടായിരുന്ന തീ കനലുകളിലൂടെ കാറിലേക്ക് തീ പടരുകയായിരുന്നുവെന്ന് കരുതുന്നു. വാഹനത്തിലെ ഇലക്ട്രിക്കൽ ഷോർട്ട് സർക്ക്യൂട്ടിന്റെ സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്.