കോലഞ്ചേരി: കുന്നത്തുനാട്ടിലെ മുടങ്ങി കിടന്ന കിഫ്ബി റോഡു പണികൾ പുനരാരംഭിച്ചു. പത്താംമൈൽ - പട്ടിമ​റ്റം റോഡിലെയും, മനയ്ക്കകടവ് - പള്ളിക്കര റോഡിന്റെയും പണിയാണ് തുടങ്ങിയത്.ഇവിടെ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാ​റ്റി സ്ഥാപിച്ചു. ഇലക്ട്രിക് പോസ്​റ്റുകൾ മാ​റ്റിയിട്ടു. കിഴക്കമ്പലം - നെല്ലാട് റോഡിൽ പൈപ്പ് മാ​റ്റിയിടുന്ന പ്രവൃത്തികൾ തീരുന്ന മുറയ്ക്ക് തുടങ്ങുമെന്ന് വി.പി സജീന്ദ്രൻ എം.എൽ.എ പറഞ്ഞു.മനയ്ക്കകടവ് -പട്ടിമ​റ്റം - നെല്ലാട് - പത്താം മൈൽ റോഡിനായി കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 25 കോടി രൂപ അനുവദിച്ചിരുന്നു .എൽ.ഡി.എഫ് അധികാരത്തിൽ എത്തിയതോടെ പത്ത് കോടി രൂപയ്ക്ക് മുകളിലുള്ള പ്രവൃത്തികൾ കിഫ്ബി വർക്കാക്കി മാ​റ്റി. ഇതനുസരിച്ച് 32.5 കോടി രൂപയാണ് റോഡിന് അനുവദിച്ചത്. പൈപ്പ് ലൈൻ, ഇലക്ട്രിക് പോസ്റ്റുകൾ ഉൾപ്പടെ മാ​റ്റി സ്ഥാപിച്ച് റോഡ് ബി.എം,ബി.സി. നിലവാരത്തിലാക്കുന്നതിനാണ് തുക.

വാട്ടർ അതോറി​റ്റിയുടെ കുടിവെള്ള വിതരണ പൈപ്പുകൾ മാ​റ്റിയിടുന്നതിനും ഇലക്ട്രിക് പോസ്​റ്റുകൾ മാറ്റിയിടുന്നതിലും ഉണ്ടായ കാലതാമസം നിർമ്മാണ പ്രവൃർത്തികൾ വൈകാനിടയായത്. ലോക്ക് ഡൗൺ മൂലം നിർമ്മാണ പ്രവർത്തികൾ നിർത്തിവച്ചതോടെ അന്യ സംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്ക് തിരിച്ചതും നിർമ്മാണത്തെ ബാധിച്ചു.കരാറുകാർക്ക് കാലാവധി നീട്ടി നൽകിയതും കാലാതാമസം ഉണ്ടാക്കി.

സാങ്കേതിക തടസങ്ങൾ ഒഴിവാക്കി നൽകുന്നതിന് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് കിഫ്ബി പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ സാധിക്കാതെ വരുന്നതെന്ന് എം.എൽ.എ ആരോപിച്ചു.

കരാറുകാരൻ കൈയ്യൊഴിഞ്ഞു

റോഡ്‌നിർമ്മാണ പ്രവൃത്തി 2 വർഷം മുൻപ് ടെൻഡർ നിരക്കിനേക്കാൾ 10% കുറവിലാണ് കരാർ എടുത്തിരുന്നത്. എന്നാൽ 3 വർഷം കഴിഞ്ഞതിനാൽ പഴയ നിരക്കിൽ വർക്ക് നടത്തിയാൽ സാമ്പത്തിക നഷ്ടം ഉണ്ടാവുമെന്നത് മുൻ നിർത്തി കരാറുകാരൻ വർക്ക് നടത്തുവാൻ തയ്യാറാവാത്തതുമാണ് അനിശ്ചിതമായി നർമ്മാണം വൈകിയതിനു പിന്നലെന്നും എം.എൽ.എ പറഞ്ഞു.

കിഴക്കമ്പലം - നെല്ലാട് റോഡും ഗതാഗത യോഗ്യമാക്കും

കിഴക്കമ്പലം - നെല്ലാട് റോഡ് ബി.എം പാച്ച് വർക്ക് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനും ധാരണയായിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 29ന് തിരുവനന്തപുരത്ത് നടന്ന കെ.ആർ എഫ്.ബി,കിഫ്ബി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പട്ടിമ​റ്റം - പത്താംമൈൽ, റോഡും മനയ്ക്കകടവ് - പള്ളിക്കര റോഡും പഴയ നിരക്കിൽ തന്നെ ബി.എം, ബി.സി പ്രവൃത്തികൾ നടത്തുന്നതിന് തീരുമാനമായത്.