ആലുവ: രണ്ട് വർഷം പ്രളയം തട്ടിയെടുത്തു. ഇക്കുറി കൊവിഡും. പ്രതിസന്ധിയിൽ നിന്നും കരകയറാനാകാതെ പരമ്പരാഗത മൺപാത്ര നിർമ്മാണത്തൊഴിലാളികൾ ദുരിത കയത്തിൽ. ഓണക്കാലത്ത് മൺപാത്ര നിർമ്മാണമെല്ലാം മാറ്റിവച്ച് ഓണത്തപ്പനെ നിർമ്മിച്ച് വിൽപ്പന നടത്തുകയാണ് ഇവരുടെ രീതി. ഓണക്കാലത്തെ പ്രധാന കച്ചവടങ്ങളിലൊന്നായിരുന്നു ഓണത്തപ്പൻ. 2018ൽ മഹാപ്രളയത്തിൽ ഓണം മുങ്ങിയപ്പോൾ നേരത്തെ വില്പനക്കായി തയ്യാറാക്കിയ ഓണത്തപ്പനെല്ലാം വെറുതെയായി. കഴിഞ്ഞ വർഷവും സ്ഥിതിക്ക് മാറ്റമുണ്ടായില്ല. ഇക്കുറി കാര്യമായി മഴയോ പ്രളയമോ ഉണ്ടായില്ലെങ്കിലും മാവേലി കൊവിഡിന്റെ പിടിയിൽപ്പെട്ടു. നാമമാത്രമായ നിർമ്മാണമാണ് പലയിടത്തും നടന്നത്. ആലുവയിലെ പ്രധാന ഓണത്തപ്പൻ നിർമ്മാണ കേന്ദ്രമായ കീഴ്മാട് ഖാദി ഗ്രാമവ്യവസായ സഹകരണ സംഘമാണ്. പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനം. ചെളി ക്ഷാമം രൂക്ഷമായതിനാൽ ബാംഗ്ളൂരിൽ നിന്നും ടോറസ് ലോറിയിലാണ് ചെടിച്ചട്ടിയും മൺപാത്രവും അലങ്കാര വസ്തുക്കളുമെല്ലാം ഉണ്ടാക്കാൻ ചെളിയെത്തിക്കുന്നത്.
സൊസൈറ്റിയിൽ നിന്നും ആവശ്യത്തിന് ചെളിവാങ്ങി മറ്റ് നിർമ്മാണത്തിന് ഇടവേള നൽകിയാണ് സമീപവാസികളായ രമണിയും അജിതയുമെല്ലാം ഇക്കുറി ഓണത്തപ്പനെ തയ്യാറാക്കിയത്. പഴയപോലെ കച്ചവടമില്ലെന്ന് ഇരുവരും പറയുന്നു. രമണി 35 വർഷത്തോളമായി സൊസൈറ്റിയിലെ മൺപാത്ര നിർമ്മാണ തൊഴിലാളിയാണ്. രണ്ടാഴ്ച്ചയായി ഓണത്തപ്പൻ മാത്രമാണ് നിർമ്മിക്കുന്നത്. വിവിധ വലിപ്പത്തിലുള്ള അഞ്ച് എണ്ണത്തിന് 100 രൂപയാണ് വില. ഇതിനകം ഇരുവരും ചേർന്ന് 2000ത്തോളം ഓണത്തപ്പനെ നിർമ്മിച്ചു. ഇന്ന് വൈകുന്നേരത്തോടെ നിർമ്മാണം അവസാനിപ്പിക്കും.പ്രളയത്തിന് മുമ്പുള്ള സാഹചര്യവുമായി നോക്കുമ്പോൾ ഇക്കുറി പാതിപോലും കച്ചവടം നടക്കുന്നില്ലെന്ന് കീഴ്മാട് ഖാദി ഗ്രാമവ്യവസായ സഹകരണ സംഘം പ്രസിഡന്റ് പി.എ. ഷാജഹാൻ 'കേരളകൗമുദി'യോട് പറഞ്ഞു.