കോലഞ്ചേരി: ഓണ പൂക്കളമൊരുക്കാൻ നാടൻ പൂ മാത്രം. വരവു പൂക്കളെ കൊവിഡു കാലത്ത് ഗ്രാമീണ മേഖലകളും കൈ വിട്ടു. 600 കിലോയിലധികം പൂക്കൾ ദിവസവും വിറ്റിരുന്നവർക്കിപ്പോൾ ചെലവാകുന്നത് പത്തു കിലോയിൽ താഴെ മാത്രം. ഓഫീസുകളിലെയും സ്‌കൂളുകളിലെയും ആഘോഷങ്ങളായിരുന്നു വിപണിയുടെ പ്രധാന ആകർഷണം.എന്നാൽ ഇക്കുറി ആഘോഷങ്ങളെല്ലാം കൊവിഡ് തട്ടിത്തെറിപ്പിച്ചു. കൊവിഡ് ഭീതിയിൽ സംസ്ഥാനത്തിന് പുറത്തുനിന്ന് പൂക്കൾ എത്തുന്നത് കുറവാണ്. തേനി മാർക്കറ്റിൽ നിന്നുമാണ് ഇപ്പോൾ പൂക്കൾ എത്തിക്കുന്നത്. ഇതിന് കഴിഞ്ഞ വർഷത്തേക്കാൾ വിലയും കൂടുതലാണ്. വാങ്ങാൻ ആളുകൾ വരാത്തതുകൊണ്ട് കൂടുതൽ ശേഖരിക്കാൻ കച്ചവടക്കാർക്കും തയ്യാറല്ല. നോട്ട് നിരോധനത്തിനുശേഷം വിപണി പൊതുവെ തളർച്ചയിലായിരുന്നു.ഇപ്പോൾ വീടുകളിലേയ്ക്ക് വാങ്ങുന്നവരും കുറവാണ്. തോവാളയിൽ നിന്നാണ് നേരത്തെ പൂക്കൾ എത്തിയിരുന്നത്.ഓണക്കാലത്ത് 10 മുതൽ 15 ടൺ വരെ പൂക്കൾ വില്പന നടക്കുന്ന തോവാള മാർക്ക​റ്റിൽ ഇപ്പോൾ നടക്കുന്നത് ഒരു ടണ്ണിന് താഴെ മാത്രമെന്ന് വ്യാപാരികൾ പറയുന്നു.ഓണക്കച്ചവടം ഇല്ലാതായപ്പോൾ മധുര, ബെഗളൂരുവിൽ നിന്നുമെത്തുന്ന പൂക്കളുടെ വരവും കുറഞ്ഞു.ബെന്ദി 220, വാടാമല്ലി 260, അരളി 320, മുല്ല മുഴം 45

ലോക്ക് ഡൗണിനെ തുടർന്ന് പലരും കച്ചവടം തന്നെ മതിയാക്കി. പേരിന് കട തുറന്നിരിക്കുന്നുവെന്ന് മാത്രം. നേരത്തെ ഒരു ദിവസം നടന്ന കച്ചവടം ഈ സീസണിൽ മൊത്തം കിട്ടുമോയെന്ന് ആശങ്കയുണ്ട്.

സന്തോഷ്

മഞ്ജരി ഫ്ളെവർ

പട്ടിമറ്റം