കൊച്ചി: കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് കുടുംബശ്രീ. ഓണമേളകൾ നഷ്‌ടപ്പെട്ടുവെങ്കിലും ഓൺലൈൻ വിപണിയുടെ തണലിൽ കുടുംബശ്രീ കുതിപ്പ് തുടരുന്നു. മുൻ വർഷത്തേക്കാൾ മൂന്നിരട്ടി വളർച്ചയാണ് കുടുംബശ്രീ വനിതാ സംരംഭങ്ങൾ ഇത്തവണ നേടിയത്. ആമസോണിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്‌ഫോമായ സഹേലി വളർച്ചയ്ക്ക് പിന്തുണ നൽകി.
ഓണമേള ഓൺലൈനിൽ
മുള, ചിരട്ട കരകൗശല ഉത്പന്നങ്ങൾ, ബുദ്ധ പ്രതിമ തുടങ്ങിയ കുടുംബശ്രീ സംരംഭങ്ങൾക്കെല്ലാം ലോകമെമ്പാടും ആരാധകരുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നതിനും വിൽക്കുന്നതിനും സംരംഭകർക്ക് ആവശ്യമായ പരിശീലനവും, പ്രോത്സാഹനവും നൽകുന്നുണ്ട്. കൊവിഡ് തിരിച്ചടിയായെങ്കിലും അടുത്തിടെ ആതിഥേയത്വം വഹിച്ച പ്രൈം ഡേ, ചെറുകിട ബിസിനസ് ദിനങ്ങൾ എന്നിവയിൽ പങ്കെടുത്തതിലൂടെയും സ്റ്റാൻഡ് ഫോർ ഹാൻഡ്‌മെയ്ഡ് സംരംഭത്തിന് കീഴിലെ ആനുകൂല്യങ്ങളിലൂടെയും കുടുംബശ്രീ വളർച്ച നേടി.
പ്രതീക്ഷയോടെ മുന്നോട്ട്
'ലോക്ക് ഡൗൺ ഉൾപ്പെടെ വളരെ കഠിനവും, പ്രവചനാതീതവുമായ കാലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇ കൊമേഴ്‌സ് മാദ്ധ്യമങ്ങളിലൂടെ യാത്ര തുടരാൻ കഴിഞ്ഞു. സാമ്പത്തികമായി സ്വതന്ത്രരാകുകയും സ്വന്തമായി തൊഴിൽ നേടുകയും കുടുംബങ്ങൾക്ക് തണലാകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ സഹേലിയിലേക്കെത്തിയത്. ഓണകാലത്ത് ഓൺലൈൻ കച്ചവടത്തിലൂടെ മികച്ച വരുമാനം നേടാൻ സാധിച്ചു.
എസ്. ഹരികിഷോർ
എക്‌സിക്യൂട്ടീവ് ഡയറക്ടർ
കുടുംബശ്രീ