അങ്കമാലി: അങ്കമാലി-കൊച്ചി എയർപോർട്ട് ബൈപ്പാസിന്റെ നിർമ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. ഭൂമി ഏറ്റെടുക്കലിന് സ്‌പെഷ്യൽ തഹസിൽദാരെ ചുമതലപ്പെടുത്തും.കരയാംപറമ്പ് നിന്നും ആരംഭിച്ച് അങ്കമാലി റെയിൽവെ സ്റ്റേഷൻ പരിസരത്ത് വന്ന് ചേരുന്ന ബൈപ്പാസിനായി അങ്കമാലി, കറുകുറ്റി വില്ലേജുകളിൽ 20 ഏക്കറോളം സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ഇതിനാവശ്യമായ അർത്ഥനാപത്രം ബൈപ്പാസിന്റെ നിർവ്വഹണച്ചുമതലയുള്ള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ഒഫ് കേരള (ആർ.ബി.ഡി.സി.കെ) ജില്ലാ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. സ്‌പെഷ്യൽ തഹസിൽദാരെ നിയമിച്ച് ഏറ്റെടുക്കേണ്ട സ്ഥലത്ത് സർവ്വേ കല്ലുകൾ സ്ഥാപിക്കും.
അങ്കമാലി-കൊച്ചി എയർപ്പോർട്ട് ബൈപ്പാസിന്റെ ഒന്നാംഘട്ടത്തിനായി കിഫ്ബി 275.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആദ്യം ഇതിനായി 190 കോടി രൂപ അനുവദിച്ചെങ്കിലും മാഞ്ഞാലി തോടുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ മണ്ണിട്ട് നികത്തിയുള്ള നിർമ്മാണം പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രസ്തുത ഭാഗം എലിവേറ്റഡ് ഹൈവേയായി നിർമ്മിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടതിന്റ് അടിസ്ഥാനത്തിൽ ഇതിനാവശ്യമായ 275.5 കോടി രൂപ കൂടി കിഫ്ബി അനുവദിക്കുകയായിരുന്നു.
ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തി അങ്കമാലി ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തികൾ എത്രയും വേഗം ആരംഭിക്കാനാണ് ശ്രമിക്കുന്നത്.
റോജി എം. ജോൺ
അങ്കമാലി എം.എൽ.എ