മൂവാറ്റുപുഴ : കൊവിഡ് ഭീതിയിൽ പ്രായിപ്ര. പഞ്ചായത്തിൽ 23 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തിലെ പലപ്രദേശങ്ങളെയും ജില്ലാ ഭരണകൂടം മൈക്രോ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ ഉൾപ്പെടുത്തി. പായിപ്ര കവല,പേഴക്കാപ്പള്ളി,എസ്റ്റേറ്റ് പടി,കമ്പനിപ്പടി എന്നിവയാണ് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ. സോണുകളിൽ താമസിക്കുന്നവർക്ക് പുറത്തേക്കോ പുറത്ത് നിന്നുള്ളവർക്ക് അകത്തേക്കോ പ്രവേശിക്കാൻ അനുമതി ഉണ്ടാകില്ല. സുരക്ഷയുടെ ഭാഗമായി പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം മാറാടി പഞ്ചായത്തിൽ മൂന്നു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ പഞ്ചായത്തിലെ 8-ാംവാർഡലെ മങ്ങമ്പ്ര കോളനി ഉൾപ്പെടുന്ന പ്രദേശം മൈക്രോ കണ്ടൈൺമെന്റ് സോണിൽ ഉൾപ്പെടുത്തി.
പായിപ്രയിൽ രോഗം സ്ഥിരീകരിച്ച 23 പേരിൽ ഒമ്പത് ആളുകൾ അന്യസംസ്ഥാന തൊഴിലാളികളാണ്. പായിപ്രയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്.കഴിഞ്ഞയാഴ്ച പ്രദേശത്തെ ഒരു ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് 15,11,12 എന്നീ വാർഡുകളും മൈക്രോ കണ്ടെയ്ൻമെന്റ് സോണായി. പായിപ്ര കവലയിലും പേഴയ്ക്കാപ്പിള്ളിയിലും വ്യാപാര ശാലകളുടെ പ്രവർത്തനം വൈകിട്ട് 7.30 വരെയായി നിശ്ചയിച്ചു. പ്രധാന വ്യാപാര കേന്ദ്രമായ പായിപ്ര കവലയിൽ ജനക്കൂട്ടത്തെ തടയാൻ ഡ്രോൺ ഉപയോഗിച്ച് പൊലീസ് നിരീക്ഷണം നടത്തും. ജനങ്ങൾ സ്വയം കൊവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൈക്ക് പ്രചരണവും നടത്തി.
രോഗവ്യാപന സദ്ധ്യത കണക്കിലെടുത്ത് കഴിഞ്ഞ ദിവസം എൽദോ എബ്രഹാം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ് , ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, പഞ്ചായത്ത്, ബ്ലോക്ക് മെമ്പർമാർ മെമ്പർമാർ , വിവിധ കക്ഷി നേതാക്കൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.