നെടുമ്പാശേരി: പെരിയാറിൽ മൃതദേഹം തപ്പിയിറങ്ങിയ പൊലീസിനും നാട്ടുകാർക്കും മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിൽ കണ്ടെത്താനായത് വസ്ത്ര വ്യാപാര സ്ഥാപനം ഉപേക്ഷിച്ച ഡമ്മി ! പാലപ്രശേരി കമ്പനിക്കടവ് ഭാഗത്ത് ഇന്നലെയാണ് സംഭവം. പെരിയാറിന് മദ്ധ്യഭാഗത്ത് മഹാപ്രളയത്തിൽ അടിഞ്ഞ്കുടിയ ഇല്ലിപ്പടർപ്പിൽ മൃതദേഹം കണ്ടെന്ന് മത്സ്യത്തൊഴിലാളികൾ നാട്ടുകാരെ അറിയിച്ചതോടെയാണ് പൊലീസും മുങ്ങൽ വിദഗ്ദ്ധരും സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയത്.
ഇല്ലിപ്പടർപ്പിൽ കുടുങ്ങി കിടക്കുന്നത് മൃതദേഹമെന്ന് ഉറപ്പിച്ചായിരുന്നു ദൗത്യം ആരംഭിച്ചത്. തുടർന്ന് ഇത് കരയ്ക്ക് അടുപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അടിയൊഴുക്ക് ശക്തമായതിനാൽ ശ്രമം ഫലം കണ്ടില്ല. തുടർന്ന് മുങ്ങൽ വിദഗ്ദ്ധനായ അടുവാശേരി സ്വദേശി സെയ്ദ്മുഹമ്മദ് ഇല്ലിപ്പടർപ്പിന്റെ അടിയിലൂടെ എത്തി നോക്കിയപ്പോഴാണ് വസ്ത്ര വ്യാപാര ശാലകളിൽ ഉപയോഗിക്കുന്ന ആൾ രൂപമാണെന്ന് തിരച്ചറിഞ്ഞത്. ഡമ്മിയുടെ തലഭാഗം ഉണ്ടായിരുന്നില്ല. പഞ്ഞികൊണ്ട് നിർമ്മിച്ച തലഭാഗം വെള്ളത്തിൽ കുതിർന്നു പോയതാണെന്നാണ് കരുതുന്നു. ഡമ്മി തീരത്ത് അടുക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്കിൽപ്പെട്ട് ഒഴുകിപ്പോയി.
സെയ്ദ്മുഹമ്മദിനൊപ്പം മകൻ സമീൽ, സന്നദ്ധ പ്രവർത്തകനായ ആദം ഷിജു, അസീസ് കണ്ടകത്ത് എന്നിവരും തിരച്ചിലിനായി പെരിയാറിൽ ഇറങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ പെരിയാറിൽ ഇറങ്ങണ്ടേി വന്നാൽ രക്ഷാപ്രവർത്തകർക്ക് ധരിക്കാനുള്ള പി.പി.ഇ കിറ്റുമായാണ് ചെങ്ങമനാട് പൊലീസ് കമ്പനിക്കടവിൽ നിലയുറപ്പിച്ചിരുന്നത്. മൂന്ന് മണിക്കൂറോളം തിരച്ചിൽ നടത്തി.