snake
സഹായം ലഭി​ച്ചു

നെടുമ്പാശേരി: പുതുവത്സര തലേന്ന് വിഷപാമ്പ് കടിയേറ്റ് എട്ട് മാസത്തോളമായി അബോധാവസ്ഥയിൽ കഴിയുന്ന സുനിൽകുമാറിന്റെ കുടുംബത്തെ സഹായിക്കാൻ സുമനസുകൾ രംഗത്ത്. 'കഷ്ടകാലം പാമ്പായി വന്നപ്പോൾ' എന്ന തലക്കെട്ടിൽ ഇന്നലെ 'കേരളകൗമുദി'യിൽ വന്ന വാർത്തയെ തുടർന്നാണ് കുത്തിയതോട് തേലത്തുരുത്ത് ബംഗ്ലാവുപറമ്പിൽ ബി.ടി. സുനിൽകുമാറിനെ നേരിട്ട് പരിചയം പോലുമില്ലാത്തവർ സഹായ വാഗ്ദാനവുമായെത്തിയത്.

ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ഇതിനകം 12 ലക്ഷത്തോളം രൂപയാണ് ലോറി ഡ്രൈവറായിരുന്ന സുനിൽകുമാറിന്റെ ചികിത്സക്കായി നിർദ്ധനകുടുംബം ചെലവഴിച്ചത്. തുടർന്ന് തുടർ ചികിത്സക്ക് പണമില്ലാതെ കഴിഞ്ഞയാഴ്ച്ചയാണ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയത്. 'കേരളകൗമുദി' വാർത്ത വായിച്ചതിനെ തുടർന്ന് അങ്കമാലി നഗരവാസിയായ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ 10,000രൂപ സുനിൽകുമാറിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. സുനിൽകുമാറിന്റെ ഭാര്യ സീമയെ ഫോണിൽ ബന്ധപ്പെട്ട് ചികിത്സ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് പണം അക്കൗണ്ടിലേക്ക് ഇട്ട് നൽകിയത്.

ലയൺസ് ക്ളബ് ഒഫ് ആലുവ മെട്രോയും സുനിൽകുമാറിന്റെ കുടുംബത്തെ സഹായിക്കുമെന്ന് പ്രസിഡന്റ് കെ.വി. പ്രദീപ് കുമാർ 'കേരളകൗമുദി'യോട് പറഞ്ഞു. ഇന്ന് ഓണാഘോഷത്തിനായി ഭക്ഷ്യധാന്യ കിറ്റുകൾ സുനിൽകുമാറിന്റെ വീട്ടിൽ നേരിട്ടെത്തിക്കും. അടിയന്തര സഹായമെന്ന നിലയിലാണിത്. തുടർന്ന് ലയൺസ് ക്ളബിന്റെ വിവിധ ചാപ്റ്ററുകളുടെയും ഡിസ്ട്രിക്ടിന്റെയും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുനിൽകുമാറിന്റെ പേരിൽ എസ്.ബി.ഐയുടെ നോർത്ത് കുത്തിയതോട് ബ്രാഞ്ചിൽ സേവിംഗ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 33441820143. ഐ.എഫ്.എസ്.സി കോഡ്: SBIN0008638. ഫോൺ: 8111905576.