കൊച്ചി: കൊവിഡിന്റെ ദുരിതംപേറുന്ന കൈത്തറി നെയ്‌ത്തുകാർക്കും ചെല്ലാനം സഹായഹസ്തംനീട്ടി കൊച്ചി കപ്പൽശാല. ഹാൻവീവിൽ നിർമ്മിച്ച കൈത്തറി മാസ്കുകൾ കൊവിഡും കടൽക്ഷോഭവും മൂലം വലഞ്ഞ ചെല്ലാനം നിവാസികൾക്ക് വിതരണം ചെയ്താണ് ഇരട്ടസേവനം നടപ്പാക്കിയത്.
കപ്പൽശാലയുടെ സാമൂഹ്യപ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് കണ്ണൂർ ആസ്ഥാനമായ കേരള ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപ്പറേഷനെ (ഹാൻവീവ് ) സമീപിച്ചത്. ഗുണനിലവാരമുള്ള കൈത്തറി മാസ്കുകൾ നിർമ്മിച്ചുനൽകാൻ ഹാൻവീവ് തയ്യാറായി. സ്ത്രീകൾ ഉൾപ്പെടെ നെയ്‌ത്തുകാർ നിർമ്മിച്ച മാസ്കുകൾ ചെല്ലാനത്ത് വിതരണം ചെയ്യാൻ കപ്പൽശാല തീരുമാനിച്ചു. നെറ്റ്‌വർക്ക് ഫോർ ഫിഷ് ക്വാളിറ്റി മാനേജ്മെന്റ് ആൻഡ് സസ്‌റ്റെയിനബിൾ ഫിഷിംഗ് (നെറ്റ് ഫിഷ് ) എന്ന സംഘടനയുടെ സഹായത്തോടെ ചെല്ലാനത്തെ ഹാർബറുകളിൽ മാസ്ക് വിതരണം ചെയ്തു.
ഓണക്കാലത്ത് കൈത്തറി വസ്ത്രങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞതുമൂലം വിഷമിച്ച നെയ്‌ത്തുകാർക്ക് മാസ്ക് നിർമ്മാണം ഗുണകരമായതായി കപ്പൽശാല അധികൃതർ പറഞ്ഞു.