മരട്: വൈറ്റില തൈക്കൂടത്തെ സ്വകാര്യ സ്ഥാപത്തിൽ നിന്ന് കഴിഞ്ഞദിവസം രാത്രി മോഷ്ടാവ് കാൽലക്ഷത്തോളം രൂപ കവർച്ച നടത്തി. വാഹനഗ്ലാസ് വ്യാപാര സ്ഥാപനമായ എ.എം. സേഫ്റ്റി ഗ്ലാസിലാണ് മോഷണം നടന്നത്. പിൻവശത്തെ ചുമരിന്റെ ഇഷ്ടിക ഇളക്കി മാറ്റിയ വിടവിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 25,500 രൂപ കവർന്ന് സ്ഥലം വിടുകയായിരുന്നു. ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് മോഷണം നടന്നതെന്നാണ് സൂചന. ഇന്നലെ രാവിലെ സ്ഥാപനം തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയതെന്ന് ഉടമ പറഞ്ഞു.മോഷ്ടാവ് അകത്തുകടക്കുന്നതും മോഷ്ടിക്കുന്നതുമെല്ലാം സ്ഥാപനത്തിലെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. മരട് പൊലീസ് സ്ഥലത്തെത്തിപരിശോധന നടത്തി. സി സി ടി വി ദൃശ്യങ്ങളുംപരിശോധിച്ചു.

മോഷണം നടത്തിയത് സ്ഥിരം കവർച്ച നടത്തുന്ന സംഘത്തിൽപ്പെട്ട ഒരാളാണെന്നാണ് പ്രാഥമിക നിഗമനം. മോഷണസംഘങ്ങൾ വീണ്ടും സജീവമാവുന്ന സാഹചര്യത്തിൽ പൊലീസിന്റെ ജാഗ്രത വർദ്ധിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈറ്റിലയൂണിറ്റ് ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും സമിതി അഭ്യർത്ഥിച്ചു.