കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് പിടികൂടിയ ദിവസം മാദ്ധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ തന്നെ വിളിച്ചിരുന്നെന്നും നയതന്ത്രബാഗേജ് വഴിയല്ല സ്വർണം കൊണ്ടുവന്നതെന്ന് കോൺസുലേറ്റ് ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കിപ്പിക്കാൻ നിർദേശിച്ചതായും സ്വപ്നാ സുരേഷ് കസ്റ്റംസിന് മൊഴി നൽകി. 2018 മുതൽ അനിലുമായി പരിചയമുണ്ടെന്നും മൊഴിയിൽ പറയുന്നുണ്ട്. അനിലിനെ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
സ്വർണക്കടത്ത് പിടിച്ച വാർത്ത പുറത്തായശേഷമാണ് ജനം ടി.വി. കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർ ഫോണിൽ വിളിച്ചത്. നയതന്ത്ര ബാഗേജിലല്ല സ്വർണം വന്നതെന്ന് പ്രസ്താവന ഇറക്കാൻ കോൺസുലേറ്റ് ജനറലിനോട് നിർദേശിക്കാൻ പറഞ്ഞു. വാർത്ത കണ്ടിട്ടാണ് വിളിക്കുന്നതെന്നും പറഞ്ഞു. അനിൽ പറഞ്ഞ കാര്യം ദുബായിലായിരുന്ന കോൺസുലേറ്റ് ജനറലിനെ അറിയിച്ചു. പ്രസ്താവന തയ്യാറാക്കാൻ അനിലിനെ ഏല്പിക്കാൻ കോൺസുലേറ്റ് ജനറൽ പറഞ്ഞു. ഇ മെയിലിൽ അനിൽ പ്രസ്താവന തയ്യാറാക്കി നൽകിയെങ്കിലും പിന്നീട് താനൊന്നും ചെയ്തില്ലെന്നും സ്വപ്ന പറയുന്നു.
അറ്റ്ലസ് രാമചന്ദ്രനെ ഇന്റർവ്യൂ ചെയ്യാൻ ദുബായിൽ പോകാൻ സഹായം തേടിയാണ് അനിൽ 2018 ൽ വിളിച്ചത്. ദുബായിൽ ഒരു കേസുള്ളതിനാൽ അറസ്റ്റിലാകുമോയെന്ന ആശങ്ക അറിയിച്ചു. സരിത്ത് വഴിയാണ് വിളിച്ചത്. കോൺസൽ ജനറൽ സന്ദർശനത്തിന് സൗകര്യങ്ങൾ ഒരുക്കി. നന്ദിസൂചകമായി അനിൽ തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലിൽ തനിക്ക് അത്താഴവിരുന്ന് നൽകി.
യു.എ.ഇയുടെ ഇന്ത്യയിലെ നിക്ഷേപതാത്പര്യങ്ങൾ അനിൽ തിരക്കി. ബി.ജെ.പിക്ക് യു.എ.ഇയുടെ പിന്തുണ ലഭിക്കാൻ സഹായിക്കണമെന്നും പറഞ്ഞു. ബന്ധുവിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് കോൺസുലേറ്റ് ജനറലിനെയാണ് വിളിച്ചത്. തുടർന്ന് ഇടയ്ക്ക് വിളിച്ചിരുന്നതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന.
ചാനലിൽ നിന്ന്
മാറിനിൽക്കും:
അനിൽ നമ്പ്യാർ
തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതിനെത്തുടർന്ന് ജനം ടി.വി കോഓർഡിനേറ്റിംഗ് എഡിറ്റർ പദവി അനിൽ നമ്പ്യാർ ഒഴിഞ്ഞു. തന്നെപ്പറ്റിയുള്ള സംശയങ്ങൾ ദുരീകരിക്കുന്നതുവരെ ഉത്തരവാദിത്വങ്ങളിൽ നിന്നു മാറി നിൽക്കുകയാണെന്ന് ഫേസ് ബുക്കിൽ കുറിച്ചു.
അനിൽ നമ്പ്യാർ പരൽമീൻ മാത്രം: എ.എ റഹിം
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ ആരോപണ വിധേയനായ ജനം ടിവി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർ പരൽമീൻ മാത്രമാണെന്നും വമ്പൻ സ്രാവ് കേന്ദ്ര വിദേശ മന്ത്രാലയത്തിലാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.പിടിച്ചുവച്ചത് ഡിപ്ലോമാറ്റിക് ബാഗേജല്ലെന്നു പറയാൻ സ്വപ്നയോട് അനിൽ നമ്പ്യാർ ആവശ്യപ്പെട്ട വിവരം പുറത്തുവന്നിട്ടുണ്ട്. സ്വർണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗേജിലല്ല എന്ന് ആദ്യംമുതൽ പറയുന്നത് കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ്. ഇതിൽനിന്നു മുരളീധരന്റെ ഇടപെടൽ പകൽപോലെ വ്യക്തമാണ്. അനിൽ നമ്പ്യാരെ പ്രതിചേർത്ത് അന്വേഷിക്കാൻ എൻ.ഐ.എ തയ്യാറാകണം.