തോപ്പുംപടി: ഹാർബർ പാലത്തിന്റെ നടപ്പാതയിലൂടെ സഞ്ചരിക്കുന്നവർക്ക് ഒരു കൗതുക കാഴ്ചയാണെങ്കിലും തൊണ്ട നനക്കാൻ തുള്ളി വെള്ളമില്ലാതെ നട്ടംതിരിയുന്നവർക്ക് ഇത് നൊമ്പരക്കാഴ്ചയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി ഹാർബർ പാലത്തിനു താഴെ ഭീമൻ പൈപ്പിലൂടെ ലിറ്ററുകണക്കിന് കുടിവെള്ളമാണ് പമ്പിംഗ് സമയത്ത് പാഴായിക്കൊണ്ടിരിക്കുന്നത്. കുടിവെള്ളത്തിനുവേണ്ടി കൊടി പിടിക്കുന്നവരോ നടപടി സ്വീകരിക്കേണ്ട വാട്ടർ അതോറിറ്റി അധികാരികളോ ഇത് കണ്ടഭാവം നടിക്കുന്നില്ല.
# പാഴാകുന്നത് പശ്ചിമകൊച്ചിക്കാരുടെ കുടിവെള്ളം
ഈ പൈപ്പിലൂടെ വരുന്ന കുടിവെള്ളമാണ് പശ്ചിമകൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ എത്തുന്നത്. ചെല്ലാനം, ഇടക്കൊച്ചി, കുമ്പളങ്ങി, തോപ്പുംപടി. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി തുടങ്ങിയ പ്രദേശങ്ങളിൽ പലേടത്തും തുള്ളി വെള്ളം കിട്ടാതെ വീട്ടമ്മമാർ അലയുമ്പോഴാണ് വാട്ടർ അതോറിറ്റി പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കാത്തത്. മട്ടാeഞ്ചരി ഹാൾട്ടിൽ വരുന്ന ലോറി ജീവനക്കാരുടെ അതിരപ്പിള്ളി വെള്ളച്ചാട്ടമായി മാറിയിരിക്കുകയാണ് ഈ കാഴ്ച. ചിലർ ഇവിടെ നിന്ന് കുടിവെള്ളം ശേഖരിക്കും. മറ്റു ചിലർ കുളിമുതൽ എല്ലാം കഴിഞ്ഞാണ് ഇവിടെനിന്നും പോകുന്നത്.
# വെള്ളച്ചാട്ടം കാണാൻ വരൂ
മട്ടാഞ്ചേരി ഹാൾട്ടിൽ വന്നും പാലത്തിലേക്ക് കയറുന്ന വലതു ഭാഗത്താണ് ഈ വെള്ളച്ചാട്ടം. തുടർന്ന് പാലത്തിന്റെ മദ്ധ്യഭാഗത്ത് എത്തുമ്പോൾ മറ്റൊരു വലിയചോർച്ചയും കാണാം. പതിറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ പൈപ്പ് തുരുമ്പെടുത്ത് തകർന്നിരിക്കുകയാണ്. ഇത് മാറ്റി സ്ഥാപിച്ചെങ്കിലേ പ്രശ്നം പൂർണമായും പരിഹരിക്കുകയുള്ളു.
തൽക്കാലം അറ്റകുറ്റപ്പണികൾ നടത്തി പാഴാകുന്ന വെള്ളത്തെ തടുത്ത് നിർത്തണമെന്നാണ് ആവശ്യം. ഈ പാലത്തിനു സമീപത്തു തന്നെയാണ് വാട്ടർ അതോറിറ്റി ജീവനക്കാരുടെ ക്വാർട്ടേഴ്സ്.
# എം.എൽ.എ ഇടപെടണം
സ്ഥലം എം.എൽ.എയും ഡിവിഷൻ കൗൺസിലറും വിഷയത്തിൽ ഇടപെടണം . പാഴാകുന്ന വെള്ളം താഴത്തെ കായലിലേക്ക് ഒഴുകിയിറങ്ങുകയാണ്. അതുകൊണ്ടാണ് പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കാത്തത്.
മഹേഷ്, തോപ്പുംപടി സ്വദേശി