palathayi-case-

കൊച്ചി:പാലത്തായി പീഡനക്കേസിലെ ഇരയായ പെൺകുട്ടിക്ക് നുണ പറയുന്ന ശീലമുണ്ടെന്നും മൊഴി വിശ്വസനീയമല്ലെന്നും വ്യക്തമാക്കി ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പാനൂർ പാലത്തായിലെ നാലാം ക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയും അദ്ധ്യാപകനുമായ കെ.പത്മരാജന് തലശേരി പോക്സോ കോടതി ജാമ്യം അനുവദിച്ചതിനെതിരെ ഇരയുടെ അമ്മ നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. ഹർജി സിംഗിൾ ബെഞ്ച് വിധി പറയാൻ മാറ്റി.

ഉറക്കമില്ലായ്മയും വ്യക്തിത്വ പ്രശ്നങ്ങളും കുട്ടി നേരിടുന്നുണ്ട്. വിചിത്ര ഭാവനയുള്ള കുട്ടിയാണെന്നും സാമൂഹ്യനീതി വകുപ്പിലെ കൗൺസിലർമാർ നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് ബോധിപ്പിച്ചു. പെൺകുട്ടിയുടെ മൊഴി മനഃശാസ്ത്രപരമായി വിശകലനം ചെയ്യേണ്ടതുണ്ട്. ജനുവരി 15 മുതൽ ഫെബ്രുവരി രണ്ടു വരെയുള്ള കാലയളവിൽ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടി കടുത്ത മാനസിക സംഘർഷം നേരിടുന്നുണ്ട്. ഇരയുടെ മൊഴി പൂർണമായി വിശ്വസിക്കാൻ കഴിയില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

 കേസിൽ പോക്സോ ഇല്ല

പ്രതി പത്മരാജനെതിരെ പോക്സോ ചുമത്താത്തതിനാലാണ് തലശേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. പോക്സോ കുറ്റം ചുമത്താത്ത കേസ് എങ്ങനെയാണ് പോക്സോ കോടതി പരിഗണിക്കുന്നതെന്ന വാദമാണ് ഹർജിക്കാരി ഉന്നയിക്കുന്നത്. കുട്ടിയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടിലും ഒരു സാക്ഷി മൊഴിയിലും പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണസംഘം ഇതു രണ്ടും ഒഴിവാക്കിയാണ് അന്തിമ റിപ്പോർട്ട് നൽകിയതെന്ന് ഹർജിക്കാർ വാദിച്ചു.