കൊച്ചി: മതസാമുദായിക പരിഗണനകൾക്കുപരിയായ മാനവ സാഹോദര്യവും ഐക്യവും സ്‌നേഹവും സമാധാനവും നന്മയും ദേശസ്‌നേഹവും പങ്കുവയ്ക്കാനും വളർത്താനും ഓണാഘോഷങ്ങൾ സഹായിക്കട്ടെയെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി ) ആശംസിച്ചു. എല്ലാ മലയാളികൾക്കും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഈശ്വരാനുഗ്രഹത്തിന്റെയും ഓണം സമിതി നേർന്നു. കൊവിഡ് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തുന്ന കാലഘട്ടമാണിത്. പ്രതിസന്ധികൾക്കിടയിലും സ്വന്തം ജീവൻപോലും അപകടത്തിലാക്കി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനും ശുശ്രൂഷിക്കാനുമിറങ്ങിയ ആരോഗ്യപ്രവർത്തകരെയും രോഗപ്രതിരോധത്തിന് പ്രവർത്തിക്കുന്ന സർക്കാർ, സർക്കാതിര ഏജൻസികൾ, നിയമപാലകർ, സന്നദ്ധപ്രവർത്തകർ എന്നിവരേയും ഓർമ്മിക്കാം.
നല്ലൊരു നാളയെ പ്രതീക്ഷയോടെ കാത്തിരിക്കാമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് തോമസ് എന്നിവർ ആശംസാസന്ദേശത്തിൽ പറഞ്ഞു.