കൊച്ചി: കൊവിഡിനെ ഭയന്ന് ഓണപ്പൂക്കളവും ഷോപ്പിംഗും യാത്രകളും വേണ്ടെന്നു വച്ചു. എന്നാൽ തിരുവോണ സദ്യയും പുത്തനുടുപ്പും ഉപേക്ഷിക്കാൻ മലയാളികൾ തയ്യാറല്ല. ഓണക്കോടികൾ ഓൺലൈൻ വഴി വാങ്ങിയവർ പച്ചക്കറി വാങ്ങുന്നതിന് കടകളിൽ തിരക്ക് കൂട്ടി . മാസങ്ങളോളം നീണ്ടു നിന്ന മന്ദതയ്ക്ക് ശേഷം പൂരാട ദിനമായ ഇന്നലെ എറണാകുളം മാർക്കറ്റിലേക്ക് വീണ്ടും ഉപയോക്താക്കളെത്തി. മൊത്ത മാർക്കറ്റിൽ കച്ചവടം ഉഷാറായി.ഇന്ന് ചില്ലറ വിപണിയുടെ കൊയ്ത്തു ദിനമാണ്. ഉത്രാട ദിനമായ ഞായറാഴ്ചയും മാർക്കറ്റ് പ്രവർത്തിക്കും.
പച്ചക്കറിക്ക് വില വർദ്ധന
സദ്യയിലെ പ്രധാന ഇനങ്ങളായ വെണ്ടയ്ക്ക, അച്ചിങ്ങപ്പയർ, മുരിങ്ങയ്ക്ക, പാവയ്ക്ക തുടങ്ങിയവയുടെ വില ഇന്നലെ കുതിച്ചുയർന്നു. കിലോ 40 - 50 രൂപ വിലയുണ്ടായിരുന്ന ഈ ഇനങ്ങൾക്കെല്ലാം ഇന്നലെ മൊത്ത വിപണിയിൽ 75 രൂപയായി. ചില്ലറ വിപണിയിൽ വില 90 - 100. ലെത്തി. തമിഴ്നാട്ടിലെ ഗ്രാമങ്ങൾ കൊവിഡിന്റെ പിടിയിലായതും ഓണവിപണിയെ ബാധിച്ചു. ഓണച്ചന്തയ്ക്ക് വേണ്ടിയുള്ള പച്ചക്കറി കൃഷി അവർ ഉപേക്ഷിച്ചതിനാൽ വരവ് കുറഞ്ഞു. ഇത് വില വർദ്ധനയ്ക്ക് വഴിയൊരുക്കി
അഷ്റഫ്
ഭാരവാഹി
എറണാകുളം മാർക്കറ്റ്
സ്റ്റാൾ ഓണേഴ്സ്
അസോസിയേഷൻ
കച്ചവടം പാതിയായി
മുൻ വർഷങ്ങളിൽ ഓണദിവസങ്ങളിൽ 28- 30 ട്രക്ക് പച്ചക്കറിയാണ് എറണാകുളം മാർക്കറ്റിലെത്തിയത്. ഇത്തവണ അത് 15 ആയി കുറഞ്ഞു. അതും മിനി ട്രക്കുകളിലാണ് ലോഡെത്തിയത്.
വില്പന പൊടിപൊടിക്കുന്നു
കൃഷി വകുപ്പ്, ഹോർട്ടികോർപ്പ്,വി.എഫ്.പി.സി.കെ എന്നിവയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഓണസമൃദ്ധി എന്ന പേരിൽ ഇടപ്പള്ളി, പൊന്നുരുന്നി ഉൾപ്പെടെ പല സ്ഥലത്തും വിപണന മേളകൾ നടക്കുന്നുണ്ട്.
കൈരളിയിൽ ഓണ വിപണന മേള
കരകൗശല വികസന കോർപ്പറേഷന്റെ എം.ജി. റോഡിലുള്ള കൈരളിയിൽ ഓണം സ്‌പെഷ്യൽ ഡിസ്‌കൗണ്ട് വില്പനക്ക് മികച്ച പ്രതികരണം. കുത്താമ്പുള്ളി സാരികൾ, സെറ്റു മുണ്ടുകൾ, കസവുമുണ്ടുകൾ, മറ്റു ഡ്രസ്സ് മെറ്റീരിയലുകൾ, മധുര ചുങ്കിടി സാരികൾ, ഒഡീഷയിൽ നിന്നുള്ള പട്ടചിത്ര പെയിന്റിംഗുകൾ, തിരുപ്പൂർ കോട്ടൺ ഉല്പന്നങ്ങൾ, ഖാദി കുർത്തകൾ, ഷർട്ടുകൾ, സോഫാ കവറുകൾ, ബെഡ്ഷീറ്റുകൾ, ഭഗൽപൂരി ഡ്രസ് മെറ്റീരിയലുകൾ, വിവിധതരം ആഭരണങ്ങൾ എന്നിവയുടെ വിപുലശേഖരവുമായാണ് കൈരളി ഓണത്തെ വരവേൽക്കുന്നത്. എല്ലാ ഉത്പന്നങ്ങൾക്കും പത്തുശതമാനം റിബേറ്റ് ലഭ്യമാണ്. ഞായറാഴ്ചകളടക്കം എല്ലാ അവധി ദിവസങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷോറൂം പ്രവർത്തിക്കും. മേള അടുത്ത മാസം 16 ന് അവസാനിക്കും.
സപ്ളൈകോ മേളയിലും തിരക്ക്
മറൈൻഡ്രൈവിലെ സപ്ളൈകോ മേളയിലും ഇന്നലെ തിരക്ക് കൂടി. പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഇവിടെ ലഭ്യമാണ്.