fish-farming-in-fiber-tan

കൊച്ചി: മനസുണ്ടെങ്കിൽ ഒരടി വിസ്തൃതിയുള്ള ടാങ്കു മതി മത്സ്യ, പച്ചക്കറി കൃഷിക്ക്. ഫൈബർ ടാങ്കും മത്സ്യക്കുഞ്ഞുങ്ങളും പച്ചക്കറിത്തൈയും ചെടിച്ചട്ടിയും എറണാകുളം ബോട്ടു ജെട്ടിയിലെ ഡി.ടി.പി.സി ടൂറിസം ഇൻഫർമേഷൻ സെന്ററിൽ റെഡി.

അടുക്കള വരാന്തയിലൊ, ടെറസിലൊ, ബാൽക്കണിയിലൊ ടാങ്കു വയ്ക്കാം. 12 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് അടുക്കളയിൽ നിന്നുള്ള ആഹാരാവശിഷ്ടങ്ങൾ (എണ്ണമയം ഇല്ലാത്തത്) കൊടുത്തു വളർത്താം. ടാങ്കിന്റെ വക്കിൽ പ്ലാസ്റ്റിക് ചെടിച്ചട്ടികൾ തൂക്കിയിട്ടാണ് പച്ചക്കറി കൃഷി. എങ്ങനെയുണ്ട് ഐഡിയ!

ടൂറിസം ഇൻഫർമേഷൻ സെന്റർ ചുമതലക്കാരനായ പി.ജെ. വർഗീസ് ആണ് ജൈവമാലിന്യ സംസ്കരണത്തിനൊപ്പം പച്ചക്കറിയും മീനും വളർത്തുന്ന മൾട്ടികൾച്ച‌ർ വിദ്യയ്ക്കു പിന്നിൽ. കൊവിഡ് കാരണം ബോട്ട് സർവീസ് നിലച്ചതോടെ ടൂറിസം ഇൻഫർമേഷൻ സെന്ററും അടച്ചുപൂട്ടി. അങ്ങനെ ജോലിയും വരുമാനവും ഇല്ലാതായപ്പോഴാണ് പുതിയ സാദ്ധ്യതയെപ്പറ്റി ചിന്തിച്ചത്. ആശയത്തിന് ഡി.ടി.പി.സിയുടെ പൂർണസഹകരണവും കിട്ടി.

 കൃഷിരീതി

120 ലിറ്റർ ശേഷിയുള്ള ടാങ്കിൽ മുക്കാൽ ഭാഗത്തോളം ശുദ്ധജലം നിറച്ച് ഒരാഴ്ച പ്രായമായ നാടൻ കറൂപ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. ടാങ്കിന്റെ വക്കിൽ ചെടിച്ചട്ടികൾ തൂക്കിയിട്ട് പച്ചക്കറിത്തൈ നടുക. ആഴ്ചയിലൊരിക്കൽ ടാങ്കിലെ വെള്ളം മാറണം. ഈ വെള്ളം ചെടികൾക്ക് പോഷകമായി ഉപയോഗിക്കാം. ആറ് മാസം കൊണ്ട് മത്സ്യം പൂർണവളർച്ചയെത്തും. ഇതിനകം ചെടികളിൽ നിന്ന് നല്ല വിളവും ലഭിക്കും.

 ചെലവ് 1500 രൂപ

ഫൈബർ ടാങ്ക്, 12 മത്സ്യകുഞ്ഞുങ്ങൾ, 5 തരം പച്ചക്കറി തൈ/ അലങ്കാരച്ചെടി, ചെടിച്ചട്ടികൾ, ടാങ്കിലെ ജൈവസമ്പുഷ്ടീകരണത്തിന് ആകാശത്താമരയുടെ തൈ എന്നിവ 1500 രൂപ.

'വൻ വിജയമാണ്. ഒട്ടേറെപ്പേർ കൃഷിക്കിറ്റ് വാങ്ങാൻ വരുന്നു. പൂക്കാത്ത മുല്ല പൂക്കും, കായ്ക്കാത്ത വെണ്ട കായ്ക്കും, വറചട്ടിയിലൊരു പിടയ്ക്കുന്നമീൻ എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം''

- പി.ജെ. വർഗീസ്, കെയർ ടേക്കർ,

ഇൻഫർമേഷൻ സെന്റർ