flight

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനതാതാവളം വഴി ഗൾഫിലേക്കുള്ള പച്ചക്കറി കയറ്റുമതി പാതിയായി കുറഞ്ഞു. ആഗസ്റ്റ് 20 മുതൽ 28 വരെയുള്ള തീയ്യതികളിലായി 1098 ടൺ പച്ചക്കറി മാത്രമാണ് കൊച്ചിയിൽ നിന്നും കയറ്റിയയച്ചത്. 2019യിൽ ഓണത്തിന് മുമ്പുള്ള ഒമ്പത് ദിവസങ്ങളിലായി 2000 ടണ്ണിലധികം പച്ചക്കറി ഗൾഫിലേയ്ക്ക് അയച്ചിരുന്നു.ആവശ്യത്തിന് വിമാന സർവ്വീസ് ഇല്ലാത്തതും കൊവിഡ് ഭീഷണിയുമാണ് പച്ചക്കറി കറ്റുമതി കുറയാൻ പ്രധാന കാരണം.

പച്ചക്കറി കൊണ്ടുപോകുവാൻ മാത്രമാണ് വിമാനങ്ങൾ സർവീസുകൾ നടത്തുന്നത്. അതിനാൽ കയറ്റുമതി നിരക്ക് വൻ തോതിൽ നൽകണം. കൊവിഡ് ഭീതിയിൽ ഗൾഫിൽ നിന്നും ഏറേ മലയാളികൾ നാട്ടിലേയ്ക്ക് എത്തിയതിനാൽ അവിടെ പച്ചക്കറിയുടെ ആവശ്യം കുറഞ്ഞു. സംസ്ഥാനത്ത് പ്രളയത്തിൽ പച്ചക്കറി കൃഷിയാകെ നശിച്ചതിനാൽ ഇക്കുറി കയറ്റി അയക്കുവാനുള്ള വാഴയില മുതൽ വേപ്പില വരെയുള്ള സാധനങ്ങളും പച്ചക്കറികളും തമിഴ്‌നാട്ടിൽ നിന്നാണ് കൊച്ചിയിലെത്തിച്ചത്. നേത്രക്കായ മാത്രമാണ് നാട്ടിൽ നിന്നും ലഭിച്ചതെന്ന് കയറ്റുമതിക്കാർ പറയുന്നു.

ദുബായ്, അബുദാബി, ഖത്തർ, കുവൈറ്റ്, സൗദ്യ അറേബ്യ,മസ്‌ക്കറ്റ്, ഷാർജ എന്നിവിടങ്ങളിലേയ്ക്കാണ് പച്ചക്കറി കയറ്റിയയച്ചത്. കൂടുതൽ കയറ്റുമതി ദുബായിലേയ്ക്കായിരുന്നു. ആഗസ്റ്റ് 20 തിന് 123, 21ന് 92, 22ന് 75, 23ന് 68, 24ന് 80, 25ന് 170, 26ന് 170, 27ന് 170, 28ന് 150 ടൺ പച്ചക്കറികൾ വീതമാണ് ഗൾഫിലേയ്ക്ക് അയച്ചത്‌.