coco

കൊച്ചി: നാളികേര മേഖലയിലെ നിക്ഷേപസാദ്ധ്യതകളെക്കുറിച്ച് അറിയാൻ വിദഗ്ദ്ധർ നയിക്കുന്ന വെബിനാർ സംഘടിപ്പിക്കുന്നു. ലോകനാളികേര ദിനത്തോടനുബന്ധിച്ച് നാളികേര വികസന ബോർഡാണ് സെപ്തംബർ 2ന് ഉച്ചക്ക് 1ന് വെബിനാർ സംഘടിപ്പിക്കുന്നത്. കേന്ദ്രകൃഷി കർഷക ക്ഷേമമന്ത്രി നരേന്ദ്ര സിംഗ് തോമർ വീഡിയോ കോൺഫറൺസിംഗിലൂടെ വെബിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും.'ലോകത്തെ രക്ഷിക്കാൻ നാളികേര മേഖലയിൽ നിക്ഷേപിക്കൂ' എന്നതാണ് ഈ വർഷത്തെ നാളികേരദിന പ്രമേയം. ഗ്രാമങ്ങൾ സാമ്പത്തിക ഭദ്രതയും പാരിസ്ഥിതിക സുസ്ഥിരതയും കൈവരിക്കുന്നതിന് അനുയോജ്യമായ നിക്ഷേപമേഖലയായി നാളികേരകൃഷിയും അനുബന്ധ വ്യവസായങ്ങളും മാറിയെന്നാണ് ബോ‌ർഡിന്റെ വിലയിരുത്തൽ. ലോകത്ത് നാളികേര കൃഷിയിലും നാളികേര ഉത്പ്പന്നങ്ങളുടെ കയറ്റുമതിയിലും ഇന്ത്യ ഒന്നാംസ്ഥാനത്താണ്. ഗ്രാമീണജനതയുടെ സമഗ്രവളർച്ച, ദാരിദ്ര്യ നിർമാർജനം, പോഷകഭക്ഷണം എന്നിവയുടെ ശാക്തീകരണം വഴി സാമൂഹിക പുരോഗതിയും ഭൗമ പരിപോഷണവുമാണ് നിക്ഷേപത്തിലൂടെ നേടുക. നാളികേര കൃഷിയിലും അനുബന്ധ വ്യവസായങ്ങളിലും മൂലധനനിക്ഷേപം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് നാളികേര വികസന ബോർഡ് വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്.വെബിനാറിനോടനുബന്ധിച്ച് ഉച്ചക്ക് 1.40 ന് ടെക്‌നിക്കൽ സെഷനിൽ നാളികേരകൃഷി, സംസ്‌കരണം, മൂല്യവർദ്ധനവ്, കയറ്റുമതി തുടങ്ങിയ മേഖലകളിൽ മൂലധനനിക്ഷേപം നടത്തുന്നതിന്റെ സാധ്യതകളക്കുറിച്ച് വിദഗ്ദ്ധർ സംസാരിക്കും. തുടർന്ന് ചർച്ചയുമുണ്ട്. പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർക്ക് വെബിനാറിന്റെ ലിങ്ക് ലഭ്യമാക്കുമെന്ന് ബോ‌ർഡ് അറിയിച്ചു.

നാളികേരകൃഷി ഇന്ത്യ നമ്പർ വൺ

# രാജ്യത്ത് നാളികേര കൃഷി 2.15 ദശലക്ഷം ഹെക്ടർ

# വാർഷിക ഉത്പാദനം 21308.41 ദശലക്ഷം നാളികേരം

# ഉത്പാദന ക്ഷമത ഹെക്ടറിന് 9898 നാളികേരം

# 2019 -20 ൽ കയർ ഒഴികെ 1762.17 കോടി രൂപയുടെ നാളികേര ഉത്പ്പന്നങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്.

ബോർഡിന്റെ പദ്ധതികൾ

# ഉത്പാദന വർധനവിന് കൃഷിയിടവിസ്തൃതി വിപുലീകരണം

# മികച്ച നടീൽ വസ്തുക്കളുടെ ലഭ്യതയ്ക്കായി നഴ്‌സറികൾ

# കൃഷി പുനരുദ്ധാരണം തുടങ്ങിയ പദ്ധതികൾ

# നാളികേര സംസ്‌കരണ സംരംഭകർക്ക് സാങ്കേതിക സാമ്പത്തിക സഹായങ്ങൾ

# പ്രതിവർഷം 2910 ദശലക്ഷം നാളികേരം സംസ്‌കരിക്കാൻ 516 യൂണിറ്റുകൾക്ക് ധനസഹായം