ആലുവ: ആറ് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ആഘോഷപൂർവം മുൻ മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിച്ച ആലുവ മാർക്കറ്റ് സമുച്ചയ ശിലാസ്ഥാപന ഫലകത്തിൽ റീത്ത് സമർപ്പിച്ച് എൽ.ഡി.എഫ് ഏഴാം വാർഷികം ആഘോഷിച്ചു. 2014 ആഗസ്റ്റ് 29നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടത്.
നിലവിലുണ്ടായിരുന്ന കച്ചവടക്കാരിൽ നിന്നും 75 ലക്ഷത്തോളം രൂപ പുതിയ കെട്ടിടത്തിൽ മുറി അനുവദിക്കുന്നതിനായി അഡ്വാൻസും വാങ്ങിയിരുന്നു. പണം നൽകിയവരും വഞ്ചിക്കപ്പെട്ട അവസ്ഥയിലാണ്. ധനകാര്യ സ്ഥാപനങ്ങളുമായി പണം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാതെ മുനിസിപ്പൽ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെട്ടിടം പൊളിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു. കെട്ടിടം പൊളിച്ചതോടെ കച്ചവട സ്ഥാനങ്ങൾ തോന്നിയ പോലെയായി. ഇത് കൊവിഡിന്റെ ആലുവയിലെ പ്രഭവ കേന്ദ്രമാക്കി മാറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
തുടർ ദിവസങ്ങളിൽ സമരം ആരംഭിക്കും
ഏഴ് വർഷമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത കോൺഗ്രസ് ഭരണസമിതിക്കെതിരെ
തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് മുൻസിപ്പൽ കമ്മിറ്റി കൺവീനർ രാജീവ് സക്കറിയ അറിയിച്ചു. രാജീവ് സക്കറിയ, പി.എം. സഹീർ, ശ്യാം പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.
നിർമ്മാണം ഉടനാരംഭിക്കുമെന്ന് ചെയർപേഴ്സൺ
ആലുവ മാർക്കറ്റിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ചെയർപേഴ്സൺ ലിസി എബ്രഹാം പറഞ്ഞു. കേരള അർബൻ റൂറൽ ഡെവലപ്പ്മെന്റ് ഫൈനാൻസ് കോർപ്പറേഷൻ (കെ.യു.ആർ.ഡി.എഫ്.സി) അഞ്ച് കോടി രൂപയും അൻവർ സാദത്ത് എം.എൽ.എ ഒരു കോടിയും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ വായ്പ ലഭ്യമായെങ്കിലും മറ്റ് നടപടികൾ സ്വീകരിച്ചപ്പോഴേക്കും കൊവിഡ് വ്യാപനം മൂലം മുടങ്ങി. എൽ.ഡി.എഫ് സർക്കാരിന് പിന്നാലെ വായ്പ ലഭ്യമാക്കാൻ രണ്ടര വർഷത്തോളം കയറിയിറങ്ങേണ്ടി വന്നതായും ചെയർപേഴ്സൺ പറഞ്ഞു.