കൊച്ചി: എല്ലാ കോഴ്‌സുകൾക്കും നാലുശതമാനം സംവരണം ആവശ്യപ്പെട്ടും ഇ ഗ്രാൻഡ് നിഷേധിക്കുന്നതിനെതിരെയും കെ.എൽ.സി.എ ഓൺലൈൻ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. മൂന്ന് മണിക്കൂർ നീണ്ട പ്രതിഷേധത്തിൽ നൂറിലധികം പ്രതിനിധികൾ ഫെയ്‌സ്ബുക്ക് പേജിൽ തത്സമയം പങ്കെടുത്തു.

ലത്തീൻ സമുദായത്തിന് ആംഗ്ലോ ഇന്ത്യൻ, എസ്.ഐ.യു.സി വിഭാഗത്തിന് ഉൾപ്പെടെ വിദ്യാഭ്യാസപരമായി ഡിഗ്രി, പി.ജി കോഴ്‌സുകൾക്ക് നിലവിലുള്ള സംവരണം ഒരു ശതമാനമാണ്. സംവരണം വിദ്യാർത്ഥികൾക്ക് പ്രയോജനകരവുമല്ല. തൊഴിൽ സംവരണം നാലുശതമാനം ഉള്ളതുപോലെ വിദ്യാഭ്യാസമേഖലയിലും എല്ലാ കോഴ്‌സുകൾക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.

രണ്ട് വർഷമായി കമ്മ്യൂണിറ്റി കോട്ടയിൽ പ്രവേശനം ലഭിക്കുന്ന ഒ.ബി.സി വിദ്യാർത്ഥികൾക്ക് ഇ ഗ്രാൻഡ് നിഷേധിക്കുന്നതിലും പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് മോഡറേറ്ററായിരുന്നു. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോർജ്, മുൻ എം.പി ഡോ. ചാൾസ് ഡയസ് തുടങ്ങിയവർ പങ്കെടുത്തു.