കൊച്ചി: 'ഇന്ത്യ സൈക്കിൾസ് ഫോർ ചേഞ്ച് ചലഞ്ച്' ഒരുക്കങ്ങളുടെ ഭാഗമായി കൊച്ചിയിലെ ആദ്യയോഗം കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ) നേതൃത്വത്തിൽ നടന്നു. കൊച്ചിയിൽ ചലഞ്ച് നടപ്പാക്കുന്നതിനുള്ള റൂട്ട്, തന്ത്രങ്ങൾ എന്നിവ അന്തിമരൂപത്തിലെത്തിക്കുന്നതിനായാണ് യോഗം സംഘടിപ്പിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള സൈക്കിൾപാതകളിൽ ചലഞ്ച് നടപ്പാക്കുന്നതിന്റെ സാദ്ധ്യതകൾ ചർച്ചചെയ്തു. ഓണത്തിനു ശേഷം ഇതു സംബന്ധിച്ച് ബോധവത്കരണ പരിപാടികൾ ആരംഭിക്കും.
സി.എസ്.എം.എൽ സി.ഇ.ഒ അൽക്കേഷ് കുമാർ ശർമ, കളക്ടർ എസ്. സുഹാസ്, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ, ട്രാഫിക് അസി.കമ്മീഷണർ, കൊച്ചി മെട്രോ പ്രതിനിധികൾ, സൈക്കിളിസ്റ്റുകൾ തുടങ്ങിയവരാണ് ചലഞ്ച് മുന്നൊരുക്ക സമിതിയിലുള്ളത്.
കേന്ദ്ര പാർപ്പിട, നഗരകാര്യമന്ത്രാലയത്തിനു കീഴിലെ സ്മാർട്ട് സിറ്റീസ് മിഷനു കീഴിലുള്ള ഇന്ത്യ സൈക്കിൾസ് ഫോർ ചേഞ്ച് ചലഞ്ച് സൈക്കിളിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇതിനുള്ള പൊതുവിടങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നത്. സൈക്കിൾ സഞ്ചാരികൾക്ക് സന്തോഷകരമായ അനുഭവം നൽകുന്നതിനൊപ്പം കൂടുതൽ പേരെ വിനോദത്തിലുപരി പതിവുഗതാഗതത്തിനും സൈക്കിൾ ഉപയോഗിക്കുന്ന രീതിയിലേക്ക് എത്തിക്കുക എന്നതു കൂടിയാണ് ചലഞ്ചിന്റെ ലക്ഷ്യമെന്ന് അൽക്കേഷ് കുമാർ ശർമ്മ പറഞ്ഞു. പരിപാടിയിലൂടെ കൊച്ചിയിൽ വലിയ മാറ്റം നടക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ചലഞ്ച് വിജയിക്കണമെങ്കിൽ കൊച്ചിയിൽ അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ പരീക്ഷണം നടത്തി നിർദേശം സമർപ്പിക്കേണ്ടതുണ്ട്. പ്രൊപ്പോസൽ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബർ 14. വിജയിക്കുന്ന 11 നഗരങ്ങൾ രണ്ടാംഘട്ടത്തിലേക്ക് കടക്കും. കൊച്ചിയിലെ സൈക്ളിളിംഗ് അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാനായി സി.എസ്.എം.എൽ ഓൺലൈൻ സർവേ നടത്തുന്നു. https://forms.gle/6qzMKNPicPY2PwMs9 എന്ന ലിങ്ക് വഴി പങ്കെടുക്കാം.