കൊച്ചി : ഇടതുപക്ഷത്തനിമ നഷ്ടമായ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ആർ.എസ്.പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി. ജെ. ചന്ദ്രചൂഢൻ അഭിപ്രായപ്പെട്ടു. പാർട്ടി മുൻ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ കെ. പങ്കജാക്ഷൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹ മാദ്ധ്യമങ്ങളിൽ വിമർശനമുന്നയിച്ച ഉദ്യോഗാർത്ഥികളെ വിലക്കിയ പി.എസ്.സിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബി ജോൺ പറഞ്ഞു. ആർ.എസ്.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി കെ. ബാബു, അഡ്വ. പി.ജി. പ്രസന്നകുമാർ, കെ. റജികുമാർ, അഡ്വ. ജെ. കൃഷ്‌ണകുമാർ, പി.ടി. സുരേഷ്ബാബു തുടങ്ങിയവർ പ്രസംഗിച്ചു.