പറവൂർ: വരാപ്പുഴയിൽ നിർമ്മിച്ച പപ്പൻ മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയം നാളെ (ചൊവ്വ) രാവിലെ പതിനൊന്നിന് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വോളിബാൾ ഇതിഹാസം ടി.ഡി. ജോസഫ് എന്ന പപ്പന്റെ സ്മരണാർത്ഥമാണ് സ്റ്റേഡിയം നിർമ്മിച്ചത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് ഘട്ടമായി അനുവദിച്ച 3 കോടി 75 ലക്ഷം ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഏഷ്യൻ ഗെയിംസിന്റെ എൻജിനീയറിംഗ് വിംങ്ങാണ് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം പണിതിട്ടുള്ളത്. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത മേപ്പിൾ വുഡ് ഉപയോഗിച്ചാണ് രണ്ട് കോർട്ടുകൾ. സ്റ്റേഡിയത്തിൽ ഓഫീസ് മുറിയും മാറ്റി സ്ഥാപിക്കാവുന്ന തരത്തിലുള്ള 500 കസേരകളും ഡ്രസിംഗ് റൂം, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ശുചിമുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കോർട്ട് സംരക്ഷിച്ചു കൊണ്ട് പഞ്ചായത്തിന് സ്റ്റേഡിയം വാടകയ്ക്ക് കൊടുക്കാവുനാകും. ഇതു വഴി പഞ്ചായത്തിന് വരുമാനം ഉണ്ടാക്കാനും സ്റ്റേഡിയം സംരക്ഷണത്തിനും ഇതിലൂടെ സാധിക്കുമെന്ന് വി.ഡി. സതീശൻ എം.എ.എ പറഞ്ഞു.