കൂത്താട്ടുകുളം: തൊടുപുഴ രാമമംഗലം റോഡിൽ മണ്ണത്തൂർ ആറൂർ പണ്ടപ്പിള്ളി ഭാഗം 3.5 കോടി രൂപ ചെലവിൽ നവീകരിക്കുന്ന പ്രവൃത്തിക്കൊപ്പം അരീക്കൽ മുതൽ നാവോളി മറ്റം വരെയുള്ള ഭാഗം കൂടി ഉൾപ്പെടുത്തുന്നതിന് നബാഡ് അനുമതി നൽകിയതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. നേരത്തെ രാമമംഗലം തൊടുപുഴ റോഡിൽ കൂത്താട്ടുകുളം സെക്ഷന് പരിധിയിൽ വരുന്ന ആറൂർ വരെയുള്ള ഭാഗം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് എം.എൽ.എ കത്ത് നൽകിയപ്പോൾ അരീക്കൽ വരെയുള്ള ഭാഗം നവീകരിക്കുന്നതിന് 7.5 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഈ പ്രവൃത്തി പൂർത്തീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.
സെൻട്രൽ ക്രോസ് റോഡ് യാഥാർത്ഥ്യമാകുന്നതിനെ കുറിച്ചുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.ജെ ജോസഫിന്റെ അദ്ധ്യക്ഷതയിൽ മണ്ണത്തൂരിൽ കൂടിയ യോഗത്തിൽ മണ്ണത്തൂർ ആറൂർ റോഡ് നവീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടിരിന്നു. പ്രസ്തുത യോഗത്തിൽ അനൂപ് ജേക്കബ് എം.എൽ.എയും, എൽദോ എബ്രഹാം എം.എൽ.എയും പങ്കെടുത്തിരിന്നു. ഈ യോഗ തീരുമാനം സർക്കാരിന് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മണ്ണത്തൂർ ആറൂർ പണ്ടപ്പിള്ളി വരെ നബാർഡിൽ നിന്നും തുക അനുവദിച്ചത്. വാളിയപാടം മണ്ണത്തൂർ നാവോളിമറ്റം വരെ ദേശീയപാത നിലവാരത്തിൽ നവീകരിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചിരിന്നു. ഇതിന്റെ നിർമാണ പ്രവൃത്തികൾ നടന്നുവരികയാണ്. അരീക്കൽ മുതൽ നവോളിമറ്റം വരെയുള്ള ഭാഗം കൂടി നവീകരിക്കുന്നതോടെ ഈ റോഡ് പൂർണമായും ദേശീയപാത നിലവാരത്തിൽ ഉയരും.