കൂത്താട്ടുകുളം :സർക്കാർ ആശുപത്രിയിലെ കിടപ്പു രോഗികൾക്ക് ഓണക്കോടിയും, റേഷൻ കാർഡില്ലാത്തവർക്ക് ഓണക്കിറ്റും നൽകി കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ കുട്ടികളുടെ ഓണാഘോഷം. സ്കൂളിൽ ഓണാഘോഷം നടന്നില്ലെങ്കിലും പതിവു മുടക്കാതെ രക്ഷിതാക്കൾ സമാഹരിച്ച് നൽകിയ തുക കൊണ്ടാണ് കൂത്താട്ടുകുളം ഗവ. ആശുപത്രിയിലെ കിടപ്പു രോഗികൾക്ക് ഓണക്കോടി നൽകിയത്. വർഷങ്ങളായി ആശുപത്രി വീടാക്കി കഴിയുന്നവരും ഗുരുതര രോഗം ബാധിച്ച് പാലിയേറ്റീവ് കെയറിൽ കഴിയുന്നവരുമാണ് ഏറെയും.നഗരസഭ ചെയർമാൻ റോയി എബ്രാഹം വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.ബിനു ഷേണായി കിറ്റുകൾ ഏറ്റുവാങ്ങി. വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ.പ്രഭകുമാർ, കൗൺസിലർ ലിനു മാത്യു, ഹെഡ്മിസ്ട്രസ് ആർ വത്സസല ദേവി, പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ്, എൽദോ ജോൺ തുടങ്ങിയവർ സംസാരിച്ചു.സ്കൂളിലെ ഓണാഘോഷം ഓൺലൈൻ ഉത്രാടപൂക്കള മത്സരത്തോടെ ഇന്ന് രാവിലെ മുതൽ കുട്ടികളുടെ വീടുകളിൽ നടക്കും.ഓണപ്പാട്ട്, ചിത്രരചന, തുടങ്ങി വിവിധ മത്സരങ്ങളുമുണ്ട്.സ്കൂളിന്റെ തനതു പരിപാടിയായ കുഞ്ഞുമനസുകളുടെ സഹായഹസ്തം പദ്ധതി പ്രകാരം ഓണത്തിന് അരലക്ഷം രൂപയുടെ സഹായമാണ് നടപ്പിലാക്കിയത്.