film-shoot

കൊച്ചി: സിനിമയില്ലാത്ത ഓണക്കാലം പടിവാതിലിലാണ്. തിയേറ്ററുകൾ പൂട്ടിയതിന്റെ 160-ാം ദിവസം പൊന്നോണമെത്തുമ്പോൾ സിനിമാവ്യവസായത്തിൽ പ്രതിസന്ധികൾ ഉരുണ്ടുകൂടുകയാണ്. സിനിമകൾ ഒ.ടി.ടി പ്ളാറ്റ്ഫോമിലേക്ക് വഴിമാറുന്നതിന്റെ സാദ്ധ്യതയ്‌ക്കൊപ്പം ആശങ്കയും ഉണ്ട്.

ടൊവിനോ തോമസ് നായകനായ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് മാത്രമാണ് ഓണത്തിന് പ്രദർശിപ്പിക്കുന്നത്. ഒ.ടി.ടി പ്ളാറ്റ്ഫോമിൽ ആമസോൺ പ്രൈമിലാണ് പ്രദർശനം. ജയസൂര്യ നായകനായ സൂഫിയും സുജാതയും നേരത്തെ ഇത്തരത്തിൽ റിലീസ് ചെയ്തിരുന്നു. ഓടിത്തുടങ്ങിയ ശേഷം പിന്മാറിയ സിനിമകൾ ടി.വി ചാനലുകൾ പ്രദർശിപ്പിക്കും. ഓണം ലക്ഷ്യമിട്ട് നിർമ്മിച്ച സിനിമകളുടെ റിലീസിംഗ് അനിശ്ചിതത്വം തുടരുകയാണ്.

അതേസമയം ഓൺലൈനിൽ സിനിമകൾ റിലീസ് ചെയ്യേണ്ടെന്നാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. പ്രതിസന്ധിയിലായ നിർമ്മാതാക്കൾ വ്യക്തിപരമായി ഓൺലൈൻ റിലീസിന് തയ്യാറായാൽ തടയാനാകില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വൻമുടക്ക് മുതൽ നടത്തിയതിനാൽ പുതുരീതികളിലൂടെ റിലീസ് ചെയ്ത് മുടക്കമുതലെങ്കിലും തിരിച്ചുപിടിക്കണമെന്ന അഭിപ്രായം ഒരുവിഭാഗം നിർമ്മാതാക്കൾക്കുണ്ട്.

 അറുപതിലേറെ സിനിമകൾ പെട്ടിയിൽ

ഓണക്കാലം ലക്ഷ്യമിട്ട് നിർമ്മിച്ച സൂപ്പർ താരങ്ങളുടേതുൾപ്പെടെ 60 ലേറെ സിനിമകളാണ് തിയേറ്ററുകൾ തുറക്കാൻ കാത്തുകഴിയുന്നത്. നൂറു കോടി രൂപ ചെവഴിച്ച മോഹൻലാൽ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹവും ഇതിലുൾപ്പെടുന്നു.

 പ്രതീക്ഷ കൈവിടാതെ

മാർച്ച് 24ന് പൂട്ടിയ തിയേറ്ററുകൾ സെപ്തംബറിൽ തുറക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രവർത്തകർ. അതിനിടെ ചിത്രീകരണങ്ങൾക്കും അനുമതി ലഭിച്ചു. നിയന്ത്രണങ്ങൾ പാലിച്ച് ചിത്രീകരണത്തിനുള്ള ഒരുക്കവും തുടങ്ങി. പുതിയ 40 സിനിമകളുടെ രജിസ്ട്രേഷനുള്ള അപേക്ഷയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ലഭിച്ചത്. ചെലവേറിയവയ്‌ക്ക് പകരം മുടക്കുമുതൽ തിരിച്ചുകിട്ടാവുന്ന പദ്ധതികളാണ് പരിഗണിക്കുകയെന്ന് നിർമ്മാതാക്കൾ പറഞ്ഞു.