വൈപ്പിൻ: കഴിഞ്ഞ പതിനഞ്ച് വർഷമായി ഓണ നാളിൽ മാവേലിയായി നാട്ടുകാർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഉണ്ണികൃഷ്ണൻ വേഷത്തിൽ ഒരു ചെറിയ മാറ്റമൊക്കെ വരുത്തി മാവേലിയായി ഈ ഓണ നാളുകളിലുമെത്തി. വൈദ്യുതി ബോർഡ് ജീവനക്കാരനായ ഉണ്ണികൃഷ്ണൻ വൈദ്യുതി സംരക്ഷണം, റോഡ് സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ബോധവത്കരണം നടത്താനാണ് മാവേലി വേഷത്തിൽ എത്താറുള്ളത്. എന്നാൽ ഇത്തവണ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധത്തിലൂന്നിയാണ് രംഗത്തെത്തിയത്.
എളങ്കുന്നപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ കെ.എസ്.ഇ.ബി മാലിപ്പുറം സബ് സ്റ്റേഷനിലെ ഓവർസിയറാണ്.
ശനിയാഴ്ച്ച രാവിലെ ഉണ്ണികൃഷ്ണന്റെ സഞ്ചാരംഎളങ്കുന്നപ്പുഴ ക്ഷേത്ര നടയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉണ്ണികൃഷ്ണൻ ഫ്ലാഗ് ഒഫ് ചെയ്തു. തുടർന്ന് മുനമ്പം , ചെറായി , എടവനക്കാട്, നായരമ്പലം , ഞാറക്കൽ , ഗോശ്രീജംഗ്ഷൻ, മുളവുകാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകീട്ട് അഞ്ചിന് അവസാനിപ്പിച്ചു.
ടൂ വീലറിൽ രഥത്തിൽ നാടുകാണുന്ന മാവേലി
കൊവിഡ് പ്രതിരോധ സന്ദേശങ്ങളടങ്ങിയ ബാനർ ഉൾപെടുത്തി രഥരൂപത്തിലാക്കിയ ടൂ വീലറിലാണ് മാവേലിയുടെ സഞ്ചാരം. "കൊറോണയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താൻ മാസ്‌ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക,സാമൂഹിക അകലം പാലിക്കുക" എന്നീ സന്ദേശങ്ങളാണ് രഥത്തിന്റെ ഇരുവശങ്ങളിലുമുള്ളത്.
മാസ്ക് വച്ച മാവേലി
കൊവിഡ് മാനണ്ഡങ്ങൾ പാലിച്ചാണ് മാവേലിയുടെ കറക്കം. മാസ്കും കൈയ്യുറകളും ധരിച്ച മാവേലിക്കുമുണ്ട് പ്രത്യേകത. ഒറ്റ നോട്ടത്തിൽ കണ്ടാൽ മാവേലി മാസ്ക് വച്ചിട്ടില്ലെന്ന് തോന്നും.എന്നാൽ മീശയും വായയും മാസ്കിന് മുകളിൽ വച്ചു പിടിപ്പിച്ചാണ് ഈ മാവേലിയുടെ യാത്ര.