മൂവാറ്റുപുഴ: രണ്ട് കോടി രൂപ മുടക്കി നിർമ്മിച്ച ആധുനിക മത്സ്യ മാർക്കറ്റ് സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി. ഇലക്ട്രിക് വയറിംഗ് അടക്കം സാമൂഹ്യ വിരുദ്ധർ അഴിച്ചു കൊണ്ടുപോയതായിട്ടാണ് വിവരം . സന്ധ്യമയങ്ങുന്നതോടെ സാമൂഹ്യ വിരുദ്ധർ എത്താൻ തുടങ്ങും. പിന്നീട് ഇതുവഴി നാട്ടുകാർക്ക് വഴിനടക്കാനോ , പ്രദേശത്തേക്ക് എത്താനോ കഴിയില്ല. പൊട്ടിച്ചെറിയുന്ന മദ്യ കുപ്പികളും, കുപ്പിച്ചില്ലുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണിവിടം. രണ്ടു കോടി രൂപ ചെലവിട്ടു മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം നഗര സഭപൂർത്തിയാക്കിയ അത്യാധുനിക രീതിയിലുള്ള ശുചിത്വ മത്സ്യ മാർക്കറ്റാണ് സാമൂഹ്യ വിരുദ്ധർ കൈടക്കിയത്.സംസ്ഥാന തീരദേശ കോർപ്പറേഷന്റെ കീഴിൽ നടപ്പാക്കുന്ന ആധുനിക ശുചിത്വപൂർണ മത്സ്യ മാർക്കറ്റ് 2009 ൽ കേന്ദ്ര സർക്കാർ നൽകിയ തുക കൊണ്ടാണു നിർമാണം തുടങ്ങിയത്. മുൻ എം.എഎ ജോസഫ് വാഴയ്ക്കന്റെ ആസ്തി വികസന ഫണ്ടിലെ 45.33 ലക്ഷം രൂപയും കേന്ദ്രത്തിന്റെ 1.62 ലക്ഷവും ചേർത്താണു മാർക്കറ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ശീതീകരണ സംവിധാനവും, ആധുനിക മാലിന്യ സംസ്‌കരണ സംവിധാനവും, നിരവധി സ്റ്റാളുകളും ഉൾകൊള്ളുന്ന രണ്ടു നില കെട്ടിടമാണ് ശുചിത്വ മത്സ്യ മാർക്കറ്റിനുവേണ്ടി പൂർത്തിയാക്കിയത്.
ഉദ്ഘാടനം കഴിഞ്ഞെങ്കിലും മാർക്കറ്റ് തുറന്നിട്ടില്ല
കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞെങ്കിലും മാർക്കറ്റ് ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. ഇക്കുറി ഉണ്ടായ വെള്ളപൊക്കത്തിൽ വെള്ളം കയറി ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
അനാഥമായി മാർക്കറ്റ്
നേരത്തെ നൈറ്റ് വാച്ചറുടെ സേവനം ഉണ്ടായിരുന്നങ്കിലും ഇപ്പോൾ ആരും മാർക്കറ്റ് നോക്കുവാനില്ല. ഇതോടെയാണ് രാത്രിയിൽ അനാശാസ്യ പ്രവർത്തകരുടെയും, ക്രിമിനൽ സംഘങ്ങളുടെയും താവളമായി മാർക്കറ്റ് മാറിയത്.മാർക്കറ്റിനകത്തെ ചില ഉപകരണങ്ങളുടെ ഭാഗങ്ങൾ അഴിച്ചു മാറ്റി എടുത്തു കൊണ്ടു പോയിട്ടുണ്ട്.