കൊച്ചി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ബി.ഡി.ജെ.എസും ബി.ജെ.പിയും ഒറ്റക്കെട്ടായി നേരിടുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രസ്താവിച്ചു. ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻ തിരഞ്ഞെടുപ്പിലെ അനുഭവങ്ങൾ പാഠമാക്കി എൻ.ഡി.എ ഐക്യം ശക്തിപ്പെടുത്തും. പ്രധാനമന്ത്രിയുടെ ജനക്ഷേമ പരിപാടികൾ സമൂഹത്തിന്റെ അടിത്തട്ടിൽ പ്രചരിപ്പിച്ചു ശക്തമായ പ്രചാരണ പ്രവർത്തനം നടത്തും. തിരഞ്ഞെടുപ്പിൽ 30 ശതമാനം സീറ്റുകളിൽ പാർട്ടി മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി. ഗോപകുമാർ, അനിരുദ്ധ് കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.എ വാസു സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി. ശ്യാംദാസ് നന്ദിയും പറഞ്ഞു. ജില്ലാ നേതാക്കളായ വി. വേണുഗോപാൽ, അഡ്വ. ശ്രീകുമാർ തട്ടാരത്ത്, പി.എസ്. ജയരാജ്, സുരേഷ് ചന്തേലി, ഷൈൻ കെ. കൃഷ്ണൻ, ഷൈൻ കൂട്ടുങ്കൽ, ബി.ഡി.എം.എസ് ജില്ലാ ആദ്ധ്യക്ഷ നിർമ്മല ചന്ദ്രൻ എന്നിവർ പങ്കെടുത്തു.