പിറവം: ഓണക്കാലമെത്തിയതോടെ നാടായ നാട്ടിലൊക്കെെ പച്ചക്കറിക്ക് തീവിലയായെങ്കിലും പിറവം നഗരസഭ ഇരുപത്തിയേഴാം വാർഡായ പാഴൂർ ഡിവിഷനിലെ കുടുംബങ്ങളെല്ലാം സന്തോഷത്തിലാണ്. ഡിവിഷനിലെ മുന്നോ റോളം കുടുംബങ്ങൾക്ക് ലഭിച്ചത് ഒരു കുട്ട നിറയെ സൗജന്യ പച്ചക്കറിക്കളാണ്. ഓരോ കുടുംബത്തിനും ഏകദേശം 5 കിലോ പച്ചക്കറികൾ വീതം. മൊത്തം വിതരണം ചെയ്തത് 1600 കിലോ പച്ചക്കറികളാണ്. റേഷൻ കടകളിലൂടെയും മറ്റും അരിയും പലവ്യഞ്ജന സാധനങ്ങളും സൗജന്യമായും വിലക്കുറവിലും ലഭ്യമാണെങ്കിലും പച്ചക്കറിയുടെ വിലക്കയറ്റം ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാക്കിയതോടെയാണ് പാഴൂർ ഡിവിഷനിലെ കുടുംബങ്ങളിൽ സൗജന്യ പച്ചക്കറികൾ ലഭിച്ചത്.സി.പി.ഐയുടെ ഉശിരൻ നേതാവും കൗൺസിലറും അദ്ധ്യാപകനുമായ ബെന്നി വി.വർഗീസാണ് ഒരു കുട്ടപച്ചക്കറികളുമായി വണ്ടിയിൽ വീടുവീടാന്തരം എത്തിച്ചു നൽകിയത്. മൊത്ത വിതരണ കേന്ദ്രത്തിൽ നിന്നും നേരിട്ട് എത്തിച്ചാണ് പച്ചക്കറികൾ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.