കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ ചുരുളി ചിറ നവീകരണത്തിന് ഒരുങ്ങുന്നു. മുടക്കുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ശുദ്ധജല സ്രോതസായ ചിറ നവീകരിക്കുന്നതിന് 14.70 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു.
പദ്ധതിയുടെ സാങ്കേതികാനുമതി തയ്യാറാക്കുന്നതിനായി എം.എൽ.എ നിർദ്ദേശം നൽകി. മൈനർ ഇറിഗേഷൻ വകുപ്പ് വഴിയാണ് പദ്ധതിയുടെ സാമ്പതികാനുമതി ലഭ്യമായത്. മറ്റു നടപടി ക്രമങ്ങൾ കൂടി പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
മുടക്കുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചുരളി ചിറ ചെളിയും പായലും മാലിന്യങ്ങളും നിറഞ്ഞു ഉപയോഗ ശൂന്യമായിരിക്കുകയാണ്. നൂറോളം കുടുംബങ്ങൾ കാർഷികാവശ്യത്തിനായും കിണറിലെ ജലത്തിനായും ഉപയോഗിക്കുന്നത് ഈ ചിറയെ ആശ്രയിച്ചാണ്. ചിറയിലെ ചോർച്ച മൂലം ജലം സംഭരിച്ചു നിർത്തുവാൻ സാധിക്കുന്നില്ല. ചിറയുടെ പരിസരത്തുള്ള കിണറുകൾ വറ്റുകയാണ്. രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് നേടുങ്കണ്ണി. 60 സെന്റിൽ നിലകൊള്ളുന്ന ചുരളി ചിറ പ്രദേശത്തെ ജലസ്രോതസാണ്.
ചെളി നീക്കും
ചിറയുടെ അടിയിലെ ചെളി നീക്കം ചെയ്യുകയും ചോർച്ച അടയ്ക്കുകയും ചെയ്യും. പെരിയാർ വാലി കനാലിന്റെ പാസേജ് വഴി ചെളിയും മാലിന്യങ്ങളും നിറഞ്ഞ വെള്ളം ചിറയിലേക്ക് വരുന്നത് ഒഴിവാക്കുന്നതിനായി സൈഡിലൂടെ കാന നിർമ്മിച്ചു വെള്ളം തിരിച്ചു വിടുന്നതിനും തുക അനുവദിച്ചിട്ടുണ്ട്.