മൂവാറ്റുപുഴ: നിർമല കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് കരുതൽ എന്ന പേരിൽ സംഘടിപ്പിക്കുന്ന സന്നദ്ധ സഹായ സേവന പരിപാടികൾ ശ്രദ്ധേയമാകുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളും സാമൂഹിക ജീവിതവും കൂടുതൽ ക്ലേശകരമാകുന്ന സാഹചര്യത്തിൽ സഹജീവികളെ കരുതലോടെ സഹായിക്കുക എന്ന ആഗ്രഹത്തോടെ എൻ.എസ്.എസിലെ വിദ്യാർത്ഥികൾ മുൻകൈയ്യെടുത്ത് സമാഹരിച്ച തുക ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് ടാബ്‌ലറ്റുകൾ ലഭ്യമാക്കുകയും മൊബൈൽ ഡേറ്റയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. കൂടാതെ ആവോലി പഞ്ചായത്തിലെ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന അമ്പതോളം കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു.
ആവോലി കൃഷി ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോർഡി എൻ. വർഗ്ഗീസ് പച്ചക്കറി കിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ ശ്രീല ഗോവിന്ദൻ, വോളിന്റിയർമാരായ മരിയ സാബു, ഷബാബ്, യദു, ആദിത്യ, ഹാഷിം, അനൽ തുടങ്ങിയവർ പങ്കെടുത്തു.