ആലുവ: സംസ്ഥാന പൊതുമേഖല സ്ഥാപനമായ ആലുവ എഫ്.ഐ.ടി തൊഴിലാളികളുടെ ഈ വർഷത്തെ തിരുവോണത്തിന് തിളക്കമേറും. ഗവ. പ്രഖ്യാപിച്ച എറ്റവും ഉയർന്ന ശതമാനം ബോണസാണ് ജീവനക്കാർക്ക് ഇക്കുറി ലഭിച്ചത്. ഇതോടൊപ്പം വലിയൊരു തുക അഡ്വാൻസായും നൽകി.
കണ്ടെയ്ന്റ്‌മെന്റ് സോണായതിനാൽ ജൂലായ് 21 മുതൽ ഉത്പാദനം നടക്കാതെ കമ്പനി അടഞ്ഞുകിടക്കുകയാണെങ്കിലും അന്നുമുതൽ ആഗസ്റ്റ് 31 വരെയുള്ള കാലയളവിലെ മുഴുവൻ ശമ്പളവും കൂടി ചേരുമ്പോൾ ഈ വർഷം ഓണാഘോഷത്തിനായി കൈനിറയെ പണമാണ് കമ്പനി നൽകിയത്. ആഗസ്റ്റ് 24ന് ചെയർമാൻ ടി.കെ. മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് തീരുമാനമെടുത്തത്.
കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിന്റെ തുടക്കംമുതൽ കമ്പനി വൻനഷ്ടത്തിലായിരുന്നു. 2013-14 ലെ നഷ്ടം 6.75 കോടി രൂപയും അടുത്തവർഷം മൂന്നുകോടിയും എന്ന തോതിലായിരുന്നു നഷ്ടം. എൽ.ഡി.എഫ് ഭരണത്തിൽ നഷ്ടംകുറച്ച് 2019- 20ൽ കമ്പനിയെ ലാഭത്തിലെത്തിച്ചതായി ചെയർമാൻ പറഞ്ഞു. കൊവിഡ് കാലത്തെ വെല്ലുവിളികളെ അതിജീവിക്കാനുതകുന്ന നൂതനമായ പദ്ധതികളുമായി മുന്നോട്ടുപോകുവാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.