കൊച്ചി: കൊവിഡ് കാലത്തെ ഓണം സ്വന്തംവീടുകളിൽ മാത്രമായി ആഘോഷിക്കണമെന്ന് ആരോഗ്യവകുപ്പ്. ആൾക്കൂട്ടത്തെ ക്ഷണിച്ചുവരുത്തുന്നത് അത്യന്തം അപകടകരമായതിനാൽ ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
മലയാളികളുടെ ദേശീയോത്സവമായ ഓണം വേണ്ടന്ന് വയ്ക്കാൻ കഴിയില്ല. കൊവിഡിനെ വിളിച്ചുവരുത്തുന്ന വിധത്തിൽ ആഘോഷം പാടില്ല. വ്യക്തികളും കുടുംബങ്ങളും ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.
ശ്രദ്ധിക്കാൻ
# പൂക്കളമിടാൻ വീടുകളിൽ നിന്നുള്ള പൂക്കൾ മാത്രം ഉപയോഗിക്കുക.
# ഓണസദ്യ വീട്ടിൽത്തന്നെ തയ്യാറാക്കുക
# ഓണക്കോടികൾ വീടിനടുത്തുള്ള കടകളിൽ നിന്ന് വാങ്ങാൻ പരമാവധി ശ്രദ്ധിക്കുക
# തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരങ്ങളിൽ പോയി തുണികളും മറ്റും വാങ്ങുന്നത് പരമാവധി ഒഴിവാക്കുക
# ഷോപ്പിംഗിന് പോകുമ്പോൾ ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ, തുടങ്ങിയവരെ കൊണ്ടുപോകരുത്.കഴിയുന്നതും ഒരു കടയിൽനിന്ന് സാധനങ്ങൾ വാങ്ങുക
# പുറത്തുപോകുമ്പോൾ ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുക. കൈകൾ ഇടയ്ക്കിടെ സാനിറ്റെസർ ഉപയോഗിച്ച് ശുചിയാക്കണം
# ലിഫ്റ്റ് പരമാവധി ഒഴിവാക്കി നടകൾ ഉപയോഗിക്കുക
# ഓണം മാതാപിതാക്കളും കുടുംബാംഗങ്ങളും മാത്രമായി ആഘോഷിക്കുക. ബന്ധുമിത്രാദികളെയും അയൽക്കാരെയും സന്ദർശിച്ച് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്
# ചെറിയ കുട്ടികൾ, പ്രായമായവർ, കിടപ്പിലായവർ എന്നിവരെ സന്ദർശിക്കുന്നതും ഇടപഴകുന്നതും ഒഴിവാക്കുക.
# ബന്ധുമിത്രാദികളുമായി സൗഹൃദം പങ്കുവയ്ക്കാൻ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുക.
# കായിക പരിപാടികൾ, വിനോദയാത്രകൾ എന്നിവ സംഘടിപ്പിക്കുകയോ പങ്കെടുക്കുകയോ ചെയ്യരുത്.
മറക്കരുത്, ഒറ്റപ്പെട്ട് ആയിരങ്ങളുണ്ട്
കൊവിഡുമായി പടപൊരുതിയും രോഗംബാധിച്ചും ആയിരങ്ങൾ ആഘോഷങ്ങളോ ആർഭാടങ്ങളോ ഒന്നുമില്ലാതെ ചികിത്സയിൽ കഴിയുന്നുണ്ട്. ആയിരങ്ങൾ വീടുകളിലെ മറ്റ് കേന്ദ്രങ്ങളിലെയും അടച്ചിട്ടമുറികളിൽ കഴിയുന്നുണ്ട്. പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരുൾപ്പെടുന്ന ഒട്ടേറെ വിഭാഗങ്ങളുണ്ട്. വീടും വീട്ടുകാരിൽനിന്നും അകന്ന് ത്യാഗോജ്വലമായ ജീവിതം നയിക്കുന്നവരുണ്ട്.