kalavandi

കോലഞ്ചേരി: കണ്ണൊലിച്ചും മുതുക് നൊന്തും കാളകൾ വണ്ടിയിൽ വലിച്ചുകൊണ്ടുവരുന്ന ചരക്ക് നോക്കിയിരുന്ന് മലയാളി ഓണമുണ്ടിരുന്ന കാലവുമുണ്ടായിരുന്നു. കാളകളും വണ്ടിയും വണ്ടിക്കാരനും വിശ്രമിക്കാതെ നടന്നാലേ പലയിടത്തും ഓണചരക്കെത്തൂ.. പുതിയ തലമുറയ്ക്ക് കേട്ടുകേൾവി പോലുമില്ലാത്ത ആ പഴയ ഓണയാത്രയെക്കുറിച്ച്....

ഓണത്തിന് ദിവസങ്ങൾ മുമ്പേ കിഴക്കൻ മേഖലയിൽ നിന്ന് ചരക്കുമായി തൃപ്പൂണിത്തുറ, പറവൂർ, മട്ടാഞ്ചേരി,ഫോർട്ട് കൊച്ചി, പെരുമ്പാവൂർ ചന്തയിലേക്കുള്ള കാളവണ്ടിയുടെ ഒഴുക്ക് തുടങ്ങും. വെങ്ങോലയ്ക്കടുത്ത് മേപ്രത്തുപടിയിൽ നിന്നും കിളിയറ കണ്ണൻകുട്ടിയും, പട്ടിമറ്റത്തു നിന്ന് വാഴപ്പിള്ളി നാരായണനുമായിരുന്നു മേഖലയിലെ പ്രധാന കാളവണ്ടിക്കാർ. പതിനഞ്ചാം വയസിൽ കാളവണ്ടി തൊഴിലായി സ്വീകരിച്ച കണ്ണൻകുട്ടിയുടെ മകൻ കിളിയറ നാരായണൻ ഇന്നും ചരക്കുകൾ കൈകാര്യം ചെയ്യുന്നുണ്ട് കാളവണ്ടിയിൽ അല്ലെന്നു മാത്രം. വിവിധ സ്വാശ്രയ വിപണികളിൽ നിന്ന് നാടൻ പച്ചക്കറിയുൾപ്പടെ വാങ്ങി തൃപ്പൂണിത്തിറയിലെത്തിക്കുകയാണ് നാരായണനിപ്പോൾ.

തേങ്ങയും,കാർഷികവിളകളും, പച്ചക്കറിയുൾപ്പടെ നെല്ലും, അരിയും ചന്തകളിലേയ്ക്കും അവിടെ നിന്ന് പലവ്യഞ്ജനങ്ങൾ നാട്ടിലെ കടകളിലേയ്ക്ക് എത്തിക്കാനായിരുന്നു വണ്ടി. തിങ്കളും വ്യാഴവുമായിരുന്നു ചന്ത. തലേന്ന് പുറപ്പെടുന്ന കാളവണ്ടി പി​റ്റേദിവസം രാവിലെ ചന്തയിൽ എത്തും. വിശ്രമം വണ്ടിയിൽ തന്നെ. വഴി തെറ്റാതെ വണ്ടി കാള തന്നെ വലിച്ച് ചന്തയിലെത്തിക്കും. 750 കിലോയാണ് സാധാരണ ലോഡ്. ഇടയ്ക്ക് ലോഡും കൂടി. ഞെങ്ങി ഞെരുങ്ങി കാള വലിയ്ക്കും. പതിവ് വിശ്രമ സ്ഥലങ്ങളിൽ കാളകൾ നിന്നിരിക്കും. ഇടയ്ക്ക് വടവുകോട്, പെരുമ്പാവൂർ നടക്കുന്ന വയൽ വാണിഭങ്ങളിൽ കാളയും വണ്ടിയും കൈമാ​റ്റം ചെയ്യും. കയ​റ്റവും ഇറക്കവും ഇറങ്ങുമ്പോൾ അധികമായി ബ്രേക്ക് സംവിധാനവും കാളവണ്ടിക്ക് ഉണ്ട്. സന്ധ്യസമയത്ത് റാന്തൽവിളക്ക് തൂക്കിയിടാതെ പോയാൽ പൊലീസ് പിഴ ഈടാക്കും. പഞ്ചായത്തിൽനിന്ന് അനുമതി എടുത്താൽ മാത്രമേ കാളവണ്ടി റോഡിൽ ഇറക്കാൻ കഴിയൂ. ചെറുവാഹനങ്ങൾ വന്നതോടെ കാളവണ്ടികളുടെ പ്രസക്തിയും നഷ്ടപ്പെട്ടു.

മൂടി ഉള്ളതും,ഇല്ലാത്തതുമായ രണ്ടേ രണ്ട് മോഡലുകളാണ് അക്കാലത്ത്. നാല് മാസംവരെ വേണം കാളവണ്ടി പണിയാൻ. തേക്ക്, പുളിവാക, കൊന്ന തടികളാണ് ഉപയോഗിക്കുക. ചക്രം പണിയാണ് ഏ​റ്റവും ബുദ്ധിമുട്ട്. തടിചക്രത്തിന് മുകളിൽ ഇരുമ്പുപട്ടകൊണ്ട് മൂടും. കാളയുടെ ലാടമടിയും പ്രധാന കാര്യമാണ്.