കൊച്ചി: സിഗ്നൽ തെറ്റിച്ച് റോഡ് മുറിച്ചുകടന്നു പാഞ്ഞെത്തിയ മിനി ലോറി രണ്ടു കാറുകളിലും നാല് ഇരുചക്ര വാഹനങ്ങളിലും ഇടിച്ചുകയറി ഒരാൾ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.

കണ്ടെയ്‌നർ റോഡിൽ ചേരാനല്ലൂർ കവലയിൽ ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. വടക്കൻപറവൂർ കെടാമംഗലം കിഴക്കുഞ്ചേരി മോഹന്റെ മകൻ അമലാണ് (27) മരിച്ചത്. കാറിൽ സഞ്ചരിച്ചിരുന്ന വടക്കൻ പറവൂർ സ്വദേശി മണികണ്ഠൻ (40), തേജസ് പുരുഷോത്തമൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. സ്കൂട്ടർ യാത്രക്കാരി ബിബിത ജോൺസൺ, പറവൂർ സ്വദേശി കെ.കെ. ദിവ്യ (32), എറണാകുളം സ്വദേശി തോമസ് ജോൺ ഡിസിൽവ (32), കാറിൽ സഞ്ചരിച്ചിരുന്ന അഭിരാമൻ (20), അരുൺകുമാർ (30) എന്നിവർക്കാണ് പരിക്കേറ്റത്.

പറവൂർ ഭാഗത്തു നിന്നെത്തിയ മിനിലോറി മഞ്ഞസിഗ്നൽ വീണെങ്കിലും റോഡ് മുറിച്ചുകടന്ന് വല്ലാർപാടം ഭാഗത്തേക്ക് തിരിഞ്ഞ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അമിതവേഗതിലാണ് ലോറി വന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഗീതയാണ് അമലിന്റെ അമ്മ. സഹോദരി അശ്വിനി.