covid-

28 ദിവസത്തിനിടെ 3,719 രോഗികൾ

82 ശതമാനവും സമ്പർക്കത്തിലൂടെ

ആകെ രോഗികൾ 5,748

രോഗികളിൽ 67 ശതമാനം ആഗസ്റ്റിൽ

ഗുരതരാവസ്ഥയിൽ ഏഴ് പേർ

കൊച്ചി: കൊവിഡ് സമൂഹവ്യാപനത്തിന് ഇടയാക്കുകയും മരണനിരക്ക് വർദ്ധിക്കാനും കാരണമാകുന്ന ഗുരുതരസ്ഥിതിയിലാണ് എറണാകുളം ജില്ലയെന്ന് ആരോഗ്യ വകുപ്പ്. കൊവിഡ് കേസുകൾ നൂറും ഇരുനൂറും കടന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗവ്യാപനം അതീവഗുരുതരവും സ്ഥിതി കൂടുതൽ സങ്കീർണവുമാകുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും.ഓണവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ പുറത്തിറക്കിയ നിർദേശങ്ങളിലാണ് ഇക്കാര്യങ്ങൾ വിവരിക്കുന്നത്.

ആഗസ്റ്റ് ഒന്നു മുതൽ 28 വരെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത 3,719 കൊവിഡ് കേസുകളിൽ 3,053 പേർക്കും സമ്പർക്കത്തിലൂടെ പകർന്നതാണ്. 82 ശതമാനം ആളുകൾക്കും രോഗം പകർന്നത് സമ്പർക്കം മൂലമാണെന്ന് വ്യക്തം. സ്ഥിതി തുടർന്നാൽ താമസിയാതെ സമ്പർക്ക രോഗികളുടെ എണ്ണം 100 ശതമാനത്തിലെത്തും.ജില്ലയിൽ ഇന്നലെ വരെ രോഗം ബാധിച്ച 5,748 പേരിൽ 67 ശതമാനം ആഗസ്റ്റ് മാസത്തിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. വരും മാസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സാദ്ധ്യത നിലനിൽക്കുന്നു.

കൊവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമായ വാക്‌സിനുകൾ കണ്ടെത്താത്ത സാഹചര്യത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്. സാഹചര്യത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് കൂടുതൽ പേർക്ക് പിടിപെടാനും ഗുരുതരമാകാനും സാദ്ധ്യത കൂടുതലുണ്ട്. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർക്ക് ഗുരുതര ആരോഗ്യഭീഷണി ഉണ്ടാകുകയും മരണം വരെ സംഭവിക്കാനും കാരണമാകും.

കൊവിഡ് അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഏത് ആഘോഷങ്ങളിലും മുൻകരുതലുകൾ സ്വീകരിക്കണം. അല്ലെങ്കിൽ കൂടുതൽ ഭവിഷ്യത്തുകൾക്ക് വഴിവയ്ക്കും. അശ്രദ്ധ ഉടയവരും ബന്ധുമിത്രാദികളും സുഹൃത്തുക്കളും ഉൾപ്പെടെ വലിയൊരു വിഭാഗം സഹജീവികളുടെ ആരോഗ്യത്തിന് ഭീഷണിയാകുമെന്ന് അധികൃതർ പറഞ്ഞു.

സ്വയം പ്രതിരോധിക്കണം

സ്വയം പ്രതിരോധ മാർഗങ്ങൾ അവലംബിക്കുക മാത്രമേ ചെയ്യാനുള്ളൂ. ഉത്സവങ്ങളും ആഘോഷങ്ങളും സന്തോഷം പകരുന്നതാണ്. പക്ഷേ അല്പനേരത്തെ സന്തോഷവും ആഹ്ളാദവും നൽകുന്ന ആഘോഷങ്ങളെക്കാൾ ആഗ്രഹിക്കേണ്ടത് ശാശ്വതമായ സമാധാനവും നല്ല ആരോഗ്യവുമാണ്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണ്.

ഡോ.എൻ.കെ. കുട്ടപ്പൻ

ജില്ലാ മെഡിക്കൽ ഓഫീസർ