കളമശേരി: തിരുവോണ നാളിൽ ഓൺലൈനിൽ കൈകൊട്ടിക്കളി കാണാം. സ്വദേശത്തും വിദേശത്തുമുള്ള സുന്ദരികളുടെ കൂട്ടായ്മയായ ആർട്ടിസ്റ്ററി മീഡിയയാണ് സംഘാടകർ.
ഇമ്പമാർന്ന പാട്ടുകൾക്കൊപ്പം ചുവടുവയ്ക്കുന്നവരിൽ വീട്ടമ്മമാരും ഉദ്യോഗസ്ഥകളും വിദ്യാർത്ഥിനികളുമുണ്ട്. ഏലൂർ മഞ്ഞുമ്മൽ സ്വദേശിയായ ആര്യ ലക്ഷ്മി നിമേഷാണ് നൃത്തചുവടുകൾക്കും വനിതാ കൂട്ടായ്മക്കും നേതൃത്വം കൊടുക്കുന്നത്. കഥകളിയും ഭരതനാട്യവും മോഹിനിയാട്ടവും ശാസ്ത്രീയമായി അഭ്യസിച്ച ആര്യ നിരവധി വേദികളിൽ ചിലങ്കയണിഞ്ഞിട്ടുണ്ട്. മുപ്പത്താറു പേരാണ് ഓൺലൈനിൽ ഇന്ന് ചുവടുവയ്ക്കുക.
കൊവിഡുകാലത്ത് വീടുകളിൽ ഒതുങ്ങേണ്ടി വന്നപ്പോഴാണ് പഠിച്ച തൊക്കെ പരിശീലിക്കാനും പൊടി തട്ടിയെടുക്കാനും തോന്നലുണ്ടായത്. സർഗ്ഗാത്മകത അവനവനിലൊളിപ്പിച്ച് ഒതുങ്ങിക്കഴിയുന്നവരെയെല്ലാം ഒരുമിപ്പിച്ച് അത് പുറത്തെത്തിക്കാനുള്ള ഉദ്യമം കൂടിയായിരുന്നു ആര്യയുടേത്. അനുജത്തി കീർത്തനയുടെ പിന്തുണയും സഹകരണവും കൂടിയായപ്പോൾ കൊവിഡ് കാലം കാൽചിലമ്പുകളുടേതായി. വലിയ ആഘോഷങ്ങളില്ലാതെ ഇത്തവണ ഓണം ആഘോഷിക്കുമ്പോൾ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് 36 സുന്ദരികൾ മാവേലിമന്നനെ ഓൺലൈനിൽ വരവേൽക്കും.