മൂവാറ്റുപുഴ: ഓണത്തിന് സദ്യ ഒരുക്കുന്നതിനായി 14ഇന പച്ചക്കറികൾ അടങ്ങുന്ന കിറ്റുകൾ പായിപ്ര ,മാനാറിയിലെ സി.പി.എം പ്രവർത്തകർ വീട്ടിലെത്തിച്ച് നൽകി. പായിപ്ര ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ 448 വീടുകളിലാണ് കിറ്റുകൾ എത്തിച്ചത്. കൊവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഗ്രാമീണർക്ക് പതിവുപോലെ ഓണസദ്യ ഒരുക്കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കരുതെന്ന ലക്ഷത്തോടെയാണ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റുകൾ നൽകുവാൻ തയ്യാറായത്. പച്ചക്കറി കിറ്രുകളുടെ വിതരണോദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ആർ. മുരളീധരൻ നിർവഹിച്ചു. പായിപ്ര സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ കെ.എസ്. രങ്കേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം പായിപ്ര ലോക്കൽ സെക്രട്ടറി ആർ.സുകുമാരൻ, തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ കെ.എൻ. ജയപ്രകാശ്, വാർഡ് മെമ്പർ പി.എസ്. ഗോപകുമാർ, ഭാവന ലൈബ്രറി പ്രസിഡന്റ് കെ.എൻ.രാജമോഹനൻ, ക്വാറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.റോബി , എം.എം.മുബീർ,ടി.എ വേണു എന്നിവർ സംസാരിച്ചു.