കൊച്ചി: പ്രൊഫ.പി.ജെ. ജോസഫ് രചിച്ച ഒരു അദ്ധ്യാപകന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ഇംഗ്ളീഷ് പുസ്തകം അമേരിക്കയിലും ഇംഗ്ളണ്ടിലും ഉൾപ്പെടെ വിതരണം ചെയ്യും. ദീർഘകാലത്തെ അദ്ധ്യാപനവൃത്തിയുടെ ഓർമ്മകളാണ് പുസ്തകത്തിൽ പങ്കുവയ്ക്കുന്നത്. സുഖദു:ഖസമ്മിശ്രമായ അനുഭവങ്ങളാണ് വിവരിക്കുന്നത്. ജോലിയുടെ ഭാഗമായി നടത്തിയ യാത്രകളെക്കുറിച്ചും അനുസ്‌മരിക്കുന്നു. കഥകളും ഉപകഥകളും നിറഞ്ഞതാണ് പുസ്തകം. കേരളം അഭിമുഖീകരിച്ച മഹാപ്രളയം മുതൽ കൊവിഡ് വരെയുള്ള കാലഘട്ടങ്ങളും വിവരിക്കുന്നു.

മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാം, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, എഴുത്തുകാരി കമലാദാസ് തുടങ്ങിയ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചകളുടെ അനുഭവങ്ങളും വിവരിക്കുന്നു. ആമസോൺ പബ്ളിഷേഴ്സാണ് പ്രസാധകർ.

ചെറായിയിൽ ജനിച്ച പ്രൊഫ. ജോസഫ് മൂവാറ്റുപുഴ നിർമ്മല, കളമശേരി സെന്റ് പോൾസ് എന്നിവിടങ്ങളിൽ ഇംഗ്ളീഷ് അദ്ധ്യാപകനായരുന്നു. ആലുവ യു.സി കോളേജിൽ നിന്ന് വകുപ്പ് മേധാവിയായാണ് വിരമിച്ചത്. ഒൻപത് പുസ്തകങ്ങൾ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.