കൊച്ചി: ജി.സി.ഡി.എ എന്ന വെള്ളാനയെ ഉടൻ പിരിച്ചുവിട്ട് കൊച്ചിയെയും സംസ്ഥാനത്തിന്റെ പൊതുഖജനാവിനെയും രക്ഷിക്കണമെന്ന് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് വാച്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇരുന്നൂറിലേറെ ജീവനക്കാരും എഴുപതിലേറെ എൻജിനിയർമാരും പ്രവർത്തിക്കുന്ന ജി.സി.ഡി.എയ്ക്ക് സ്റ്റേഡിയം മേൽക്കൂരയുടെ മരാമത്ത് നടത്താനുള്ള ക്വട്ടേഷൻ തയ്യാറാക്കുന്നതിനുപോലുംകൺസൾട്ടൻസി വേണമെന്ന അവസ്ഥയാണ്. 1976ൽ രൂപീകരിക്കപ്പെട്ടശേഷം അന്താരാഷ്ട്ര സ്റ്റേഡിയവും കലൂർ കടവന്ത്ര റോഡുമൊഴികെ വിശാലകൊച്ചി പ്രദേശത്ത് യാതൊരു വികസനവും ജി.സി.ഡി.എ നടപ്പാക്കിയിട്ടില്ല.

വിശാലമായ കായൽപ്പരപ്പ് നികത്തി കുറെ കോൺക്രീറ്റ് കെട്ടിടങ്ങൾ കെട്ടിപ്പൊക്കി വാടകയ്ക്ക് കൊടുത്തും കുറെഭൂമി കുത്തകകൾക്ക് വിറ്റും മാത്രമാണ് വികസനം. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കൊച്ചിക്ക് അടിയന്തരാവവശ്യമായ ഗോശ്രി റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, റിംഗ്‌ റോഡ് തുടങ്ങിയവ എങ്ങുമെത്തിയില്ല. ഗോശ്രീ മാമംഗലം റോഡിന് ഭൂമി മരവിപ്പിച്ചിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും നടപ്പായിട്ടില്ല.

പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോർജ് കാട്ടുനിലത്ത്, പി.എ ഷാനവാസ്, അഡ്വ. മേരിദാസ് കല്ലൂർ, അഡ്വ. വർഗീസ് പറമ്പിൽ, കെ.വി. കൃഷ്ണകുമാർ, പ്രമോദ് തുമ്മാർകുടി, പോൾ ഫ്രാൻസിസ്, ആദംഅയൂബ്, പ്രൊഫ. എ.ജെ പോളികാർപ്പ്, പ്രേംബാബു, ജോസി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു