പറവൂർ : ദേശീയപാത 66 നിർമ്മിക്കുന്നതിനു മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ 23.82കിലോമീറ്റർ നടത്തുന്ന രണ്ടാംഘട്ട സ്ഥലമെടുപ്പിന്റെ ആദ്യപടിയായ കല്ലിടൽ പതിനൊന്ന് കിലോമീറ്റർ കഴിഞ്ഞു. മൂത്തകുന്നത്തു നിന്ന് ആരംഭിച്ചു ചെറിയപ്പിള്ളിക്കടുത്തു വരെയെത്തി. കോട്ടുവള്ളി വില്ലേജിലാണ് ഇപ്പോൾ നടക്കുന്നത്. മൂത്തകുന്നം, വടക്കേക്കര, പറവൂർ വില്ലേജുകളിൽ പൂർത്തിയായി. വൻമരങ്ങളും കാടും പടലും ചിലയിടങ്ങളിൽ തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും ‘മിഷൻ ഹൈവേ’ പദ്ധതിയുടെ ഭാഗമായ കല്ലിടൽ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഞായറാഴ്ചയും ഓണദിനത്തിലുമൊഴികെ മറ്റെല്ലാ അവധി ദിവസങ്ങളിലും പ്രവർത്തനങ്ങൾ നടത്തും. വീടും സ്ഥലവും വിട്ടുനൽകുന്നവരുടെ രോഷം ചെറിയതോതിൽ നേരിടേണ്ടിവരുന്നുണ്ടെങ്കിലും വലിയ പ്രതിഷേധങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

നാളെ മുതൽ രണ്ടു സംഘങ്ങളാകും. പുതിയ സംഘം ഇടപ്പള്ളിയിൽ നിന്നു കല്ലിടൽ ആരംഭിക്കുന്നതോടെ നടപടികൾ കൂടുതൽ വേഗത്തിലാകും. സെപ്റ്റംബർ പതിനഞ്ചോടെ കല്ലിടൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ‌

# മൂത്തകുന്നം, വടക്കേക്കര വില്ലേജുകളിൽ സർവേ തുടങ്ങി

കല്ലിടലിനു പിന്നാലെ നടത്തുന്ന സർവേ നടപടികൾ ആരംഭിച്ചു. കല്ലിട്ടുകഴിഞ്ഞ മൂത്തകുന്നം, വടക്കേക്കര വില്ലേജുകളിലാണ് സർവേതുടങ്ങിയത്. ഇത് പൂർത്തിയായാലേ ഓരോ സർവേ നമ്പറുകളിൽനിന്ന് എത്രത്തോളം സ്ഥലം റോഡിനായി പോകുമെന്ന് വ്യക്തമാകൂ. ഇതിനുശേഷം സ്ഥലംഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള വാല്യുവേഷൻ നടപടികൾ ആരംഭിക്കുക. തുടർന്ന് ത്രി.ഡി വിജ്ഞാപനം ഇറക്കി സ്ഥലം ദേശീയപാത അതോറിറ്റിക്കു കൈമാറും. ത്രി.ഡി വിജ്ഞാപനം ഇറക്കിയശേഷമായിരിക്കും നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.