pipe-potti-
ചേന്ദമംഗലം പാലിയം നട എസ്.എച്ച് റോഡിൽ പൈപ്പ് പൊട്ടിയപ്പോൾ.

പറവൂർ: വടക്കേക്കര പഞ്ചായത്തിൽ കുടിവെള്ളം കിട്ടാത്തത് ജനങ്ങലെ വലയ്ക്കുന്നു. പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും ഒരാഴ്ചയോളമായി വെള്ളം കിട്ടുന്നില്ല. പറവൂരിലെ പമ്പിംഗ് സ്റ്റേഷനിൽ നിന്നാണ് പഞ്ചായത്തിന്റെ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത്. ചൊവ്വരയിൽ നിന്നും പറവൂരിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. ഇതുമൂലം തുടർച്ചയായി വെള്ളം പമ്പ് ചെയ്യാൻ പറ്റുന്നില്ല. പമ്പിംഗ് നിർത്തി വീണ്ടും ആരംഭിക്കുമ്പോൾ മർദം കുറയുന്നത് കാരണം വടക്കേക്കരയിലെ പല ഉൾപ്രദേശങ്ങളിലും വെള്ളം എത്താതെ വരുന്നു. വാവക്കാട്, പാല്യത്തുരുത്ത്, കൊട്ടുവള്ളിക്കാട്, ചെട്ടിക്കാട്, മാല്യങ്കര തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രതിസന്ധി കൂടുതലായിട്ടുള്ളത്. പഞ്ചായത്തിൽ പതിനൊന്നായിരത്തിലേറെ കുടുംബങ്ങളുണ്ട്. അതിൽ ഇരുന്നൂറോളം കുടുംബങ്ങളൊഴികെ മറ്റെല്ലാവരും ജലഅതോറിറ്റിയുടെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്.

ചേന്ദമംഗലത്തു വീണ്ടും പൈപ്പ് പൊട്ടി

ചേന്ദമംഗലം പാലിയം നട എസ്.എച്ച് റോഡിൽ വീണ്ടും പൈപ്പ് പൊട്ടി. പഞ്ചായത്തിലെ ഗോതുരുത്ത്, കൂട്ടുകാട്, വടക്കുംപുറം, കൊച്ചങ്ങാടി തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ കുടിവെള്ളം മുട്ടി. കാലപ്പഴക്കമുള്ള പൈപ്പ് അടിക്കടി പൊട്ടുന്നത് പതിവാണ്. ഓരോ തവണ പൊട്ടുമ്പോഴും നാട്ടുകാരുടെ കുടിവെള്ളം മുട്ടും. കാലഹരണപ്പെട്ട പൈപ്പ് മാറ്റിയിടണമെന്ന ആവശ്യം ഏറെനാളായി ഉന്നയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.