മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് പെരുമറ്റം വാലടിത്തണ്ട് 85-നമ്പർ ഉമ്മർഹാജി സ്മാരക അങ്കണവാടിയുടെ പുതിയ മന്ദിരം ഇന്ന് രാവിലെ 10.30 ന് എൽദോ എബ്രഹാം എം.എൽ.എ നാടിന് സമർപ്പിക്കും. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 85-നമ്പർ അങ്കണവാടിയ്ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും എന്നത് പെരുമറ്റം വാലടിതണ്ട് നിവാസികളുടെ ദീർഘകാലമായ ആവശ്യമായിരുന്നു. എൽദോ എബ്രഹാം എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് വി.യു.സിദ്ധീഖ് വെളിയത്തുകുടിയിൽ അദ്ദേഹത്തിന്റെ പിതാവ് ഉമ്മർ ഹാജിയുടെ സ്മരണാർത്ഥം അങ്കണവാടിയ്ക്ക് ആവശ്യമായ സ്ഥലം സൗജന്യമായി നൽകുകയായിരുന്നു. പുതിയ മന്ദിരം നിർമിക്കുന്നതിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപയും അനുവദിച്ചു.പി.ഇ.മുഹമ്മദ് ചെയർമാനും ഇ.കെ.ഷാജി കൺവീനറുമായ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അങ്കണവാടിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.