road
പൊലീസുകാരൻ കൈയ്യേറിയെന്ന് ആരോപിക്കുന്ന പാറക്കടവ് പഞ്ചായത്ത് ഏഴാം വാർഡിൽ കുറുമശേരി തുളച്ചാൽ റോഡ്

നെടുമ്പാശേരി: നൂറ്റാണ്ട് പഴക്കമുള്ള വഴി പൊലീസുകാരൻ കൈയ്യേറിയെന്ന പരാതിയിന്മേൽ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടറോട് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു. പാറക്കടവ് പഞ്ചായത്ത് ഏഴാം വാർഡിൽ കുറുമശേരി എസ്.എൻ.ഡി.പി ശാഖാ മന്ദിരത്തിന് കിഴക്ക് വശം തുളച്ചാൽ റോഡ് ഒരു പൊലീസുകാരൻ കൈയ്യേറിയെന്നാണ് പരാതി.

എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ട മൂന്നും ഉൾപ്പെടെ ഏഴ് പിന്നാക്ക വിഭാഗക്കാർ 100 വർഷത്തോളമായി ഉപയോഗിച്ചിരുന്ന രണ്ട് കോൽ വീതിയുള്ള വഴിയുടെ പകുതിയോളം പൊലീസുകാരൻ സ്വന്തം ഭൂമിയോട് കൂട്ടിച്ചേർത്തെന്നായിരുന്നു പരാതി. വഴിയുടെ സൈഡിൽ സംരക്ഷണ ഭിത്തി കെട്ടി നൽകാമെന്ന് പറഞ്ഞ് മണ്ണ് നീക്കിയതിന്റെ മറവിലാണ് വഴിയും കൈയ്യേറിയതെന്ന് പറയുന്നു. റവന്യു വകുപ്പിലെ ചിലരുടെ സഹായത്തോടെ അതിർത്തി കല്ലും നാട്ടിയെന്നും പറയുന്നു. സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ താമസിക്കുന്ന വഴിയിലാണ് കൈയ്യേറ്റം. ഇതിനെതിരെ പാറക്കടവ് പഞ്ചായത്ത്, ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ, വനിതാ സെൽ, എസ്.സി/എസ്.ടി കമ്മീഷൻ, മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകി നൽകിയിട്ടും പരിഹാരമുണ്ടായില്ല.

തുടർന്ന് ഒരു കുടുംബം ബി.ജെ.പി നേതാക്കന്മാർ മുഖേന പ്രധാനമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. വിമാനത്താവളങ്ങളിൽ ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിനെതിരെ തൃശൂർ സ്വദേശി നൽകിയ പരാതിയിൽ നടപടിയുണ്ടായ സാഹചര്യത്തിലാണ് വഴി കൈയ്യേറ്റ വിഷയവും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവരാൻ കാരണമെന്ന് ബി.ജെ.പി നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.വി. ഷൺമുഖൻ പറഞ്ഞു.