കൊച്ചി: തൂശനിലയിൽ വിളമ്പിയ 16 കൂട്ടം കറികൾ കൂട്ടി സദ്യയും പായസവും കഴിച്ച് രണ്ടര വയസുകാരൻ ജിൻ പേ ജന്മനാടായ ആഫ്രിക്കയിലെ ലൈബീരിയയിലേക്ക് മടങ്ങുകയാണ്.
ആറുമാസമായി ജിൻ പേയും അമ്മ ജെന്നെയും ലിസി ആശുപത്രിയിൽ കഴിയുകയാണ്. മാർച്ച് രണ്ടിനാണ് കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടി ജിൻ എത്തിയത്. ഹൃദയത്തിലെ തകരാറും ശരീരഭാരം വർദ്ധിക്കാത്തതും കൂടെക്കൂടെ ശ്വാസകോശസംബന്ധമായ അസുഖങ്ങളും അലട്ടി. ജിന്നിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണമെന്ന് അറിയിച്ച ലൈബീരിയൻ തലസ്ഥാനമായ മൺറോവിയയിലെ ജെ.എഫ്.കെ മെഡിക്കൽ സെന്ററിലെ സീനിയർ പീഡിയാട്രിഷ്യൻ ഡോ. സിയ കമനോർ ചികിത്സയ്ക്ക് ലിസി ആശുപത്രിയെ നിർദ്ദേശിച്ചു. മാർച്ച് 12 ന് ശസ്ത്രക്രിയ നടത്തി. ഏപ്രിൽ രണ്ടിന് മടങ്ങാനിരിക്കെയാണ് കൊവിഡിൽ കുടുങ്ങിയത്. ആശുപത്രിയിൽ തന്നെ കഴിഞ്ഞു.
ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടന്റെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യ ഓണമുണ്ടുടുത്ത് വന്നാണ് ജിൻ ആസ്വദിച്ചത്. അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോസഫ് മാക്കോതക്കാട്ട് എന്നിവരും ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഉൾപ്പെടെ ഒത്തുചേർന്നു.
സദ്യ കഴിഞ്ഞപ്പോഴേക്കും പിതാവ് പീറ്ററിന്റെ വിളിയെത്തി. വ്യാഴാഴ്ച മടങ്ങാൻ ഒരുങ്ങിക്കോളൂവെന്ന്. മുംബെയിലെത്തി ലൈബീരിയയിലേക്ക് പറക്കും.