nandhini
ആലുവ ജില്ലാ ആശുപത്രിക്ക് മുമ്പിൽ പൃഥ്വിരാജിന്റെ മാതാവ് നന്ദിനിയും ബന്ധുക്കളും സത്യാഗ്രഹ സമരം നടത്തുന്നു

ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ പൃഥ്വിരാജ് മരിച്ച സംഭവത്തിൽ ചികിത്സ നിഷേധിച്ചവരെ സംരക്ഷിക്കുന്ന പൊലീസ് നടപടിക്കെതിരെയും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടിയാവശ്യപ്പെട്ടും മാതാവും ബന്ധുക്കളും നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായി കടുത്തസമ്മർദം.

അതേസമയം പൃഥ്വിരാജിന്റെ മാതാവ് ആലുവ കടുങ്ങല്ലൂർ വളഞ്ഞമ്പലം കൊടിമുറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പൂതകുളം നെല്ലേറ്റിൽ തോണിപ്പാറ ലക്ഷംവീട് കോളനിയിൽ നന്ദിനി, മാതാവ് യശോദ, സഹോദരി പുഷ്പ എന്നിവർ ആലുവ ജില്ലാ ആശുപത്രിക്ക് മുമ്പിൽ നടത്തുന്ന അനിശ്ചിതകാലസമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു. തിരുവോണനാളായ ഇന്ന് നിരാഹാര സമരമാണ് നടത്തുന്നതെന്ന് പട്ടികജാതി പട്ടികവർഗ ഏകോപനസഭ രൂപീകരിച്ച പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിൽ കൺവീനർ സുനിൽ സി. കുട്ടപ്പൻ അറിയിച്ചു. രാവിലെ പത്ത് മുതൽ വൈകിട്ട് ആറുവരെ നിരാഹാരമനുഷ്ടിക്കും.

ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ ആലുവ തഹസിൽദാർ പി.എൻ. അനിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലത്ത് നിരീക്ഷണത്തിനുണ്ടായിരുന്നു. പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ സമരം അവസാനിപ്പിക്കണമെന്ന് തഹസിൽദാർ സമരകേന്ദ്രത്തിലെത്തി നന്ദിനിയോടും ആക്ഷൻ കൗൺസിൽ ഭാരവാഹികളോടും ആവശ്യപ്പെട്ടു. എൻ.ആർ.എച്ച്.എം മിഷന്റെ ചുമതലയുള്ള ഡോ. മാത്യുവും ഇവരെ ബന്ധപ്പെട്ട് സമരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ ചികിത്സ നിഷേധിച്ച കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ് സമരക്കാരുടെ ആവശ്യം.