കിഴക്കമ്പലം: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തിനു പുറമേ ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും മത്സരിക്കാൻ ട്വന്റി20 തീരുമാനം. വെങ്ങോല, കുന്നത്തുനാട് പഞ്ചായത്തുകളിൽ സാദ്ധ്യത പഠനം നടന്നു വരികയാണെന്നും തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നും ചീഫ് കോ ഓർഡിനേ​റ്റർ സാബു എം.ജേക്കബ് പറഞ്ഞു. വാർഡുകളിലെ മത്സരിക്കാനുള്ള സ്ഥാനാർഥികളെയും നിശ്ചയിച്ചു കഴിഞ്ഞു. സംഘടനയുടെ ഔദ്യോഗീക ചിഹ്നമായ മാങ്ങ അടയാളത്തിലാണ് സ്ഥാനാർഥികൾ മത്സര രംഗത്തുണ്ടാകുക.സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയായിട്ടില്ലെങ്കിലും കിഴക്കമ്പലം പഞ്ചായത്തിൽ മത്സരരംഗത്തുള്ള സ്ഥാനാർഥികളെ നേരത്തെതന്നെ ട്വന്റി20 പ്രഖ്യാപിച്ചിരുന്നു. എല്ലാ പഞ്ചായത്തുകളിലും പ്രചരണവും തുടങ്ങി കഴിഞ്ഞു. കിഴക്കമ്പലത്തിനു പുറമെ മറ്റു പഞ്ചായത്തുകളിൽ കൂടി ട്വന്റി20 മത്സര രംഗത്തു വരുന്നത് രാഷ്ട്രീയ നേതൃത്വം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കിഴക്കമ്പലത്ത് നേരത്തെ മത്സര രംഗത്ത് എത്തിയതോടെ പ്രമുഖ രാഷ്ട്രീയ പാർട്ടി കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ രണ്ടക്കത്തിൽ താഴെ വോട്ടിലേയ്ക്കു മാറിയ ദയനീയ സ്ഥിതിയുമുണ്ടായതാണ്. സമാന സാഹചര്യം മറ്റു പഞ്ചായത്തുകളിലും രാഷ്ട്രീയ നേതൃത്വത്തെ ഭയപ്പാടിലാക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷമെത്തുന്ന നിയമ സഭ തിരഞ്ഞെടുപ്പാണ് ട്വന്റി20 ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചനകൾ. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റ് ലീഡ് ചെയ്ത കുന്നത്താനാട് മണ്ഡലത്തിലെ ഏക പഞ്ചായത്തും കിഴക്കമ്പലമാണ്. ഇവിടെ ട്വന്റി20 എൽ.ഡി.എഫിനെയാണ് പിന്തുണച്ചിരുന്നത്.