saleesh

കൊച്ചി: കലാഭവൻ മണിയുടെ ചാലക്കുടിയിലെ വസതിയിൽ ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ റിലീസുചെയ്തു മടങ്ങിയ സംവിധായകൻ സലീഷ് വെട്ടിയാട്ടിൽ (40) അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ചിത്രം യു ട്യൂബിൽ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു അപകടം.

സലീഷ് സംവിധാനം ചെയ്ത 'ലോക്ക് ഡൗണായ ഓണം' പോസ്റ്റർ കലാഭവൻ മണിയുടെ രാമൻ സ്മാരക കലാഗൃഹത്തിലാണ് ഉച്ചയോടെ റിലീസ് ചെയ്തത്. മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനും അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ മകൻ ജൂബിൽ രാജൻ പി. ദേവും ചേർന്നാണ് റിലീസ് ചെയ്തത്. ഇന്നലെ വൈകിട്ട് ഏഴിന് എസാർ മീഡിയ യൂ ട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായിരുന്നു ചടങ്ങ്.

ചടങ്ങിനുശേഷം എറണാകുളത്തേക്ക് വരുമ്പോൾ സലീഷ് ഓടിച്ചിരുന്ന കാർ വൈകിട്ട് നാലോടെ ടെൽക്കിന് സമീപം മീഡിയനിൽ ഇടിച്ചുകയറിയാണ് അപകടം. കാറിൽ മറ്റാരുമുണ്ടായിരുന്നില്ല. ചാലക്കുടി വെള്ളമുക്ക് സ്വദേശിയായ സലീഷ് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലായിരുന്നു താമസം. ഭാര്യ : അബിത. മക്കൾ : ദേവിക, അഭിരാജ്.

സലീഷ് സംവിധാനം ചെയ്ത പേരിടാത്ത സിനിമയുടെ ചിത്രീകരണം ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ചിരിക്കുകയാണ്. അനിൽ സച്ചു തിരക്കഥ എഴുതുന്ന മറ്റൊരു സിനിമയുടെ അണിയറപ്രവർത്തനം ആരംഭിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഏതാനും ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ആദ്യം റിലീസ് ചെയ്യുന്നത് ലോക്ക് ഡൗണായ ഓണമാണ്.